ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന് പോലെയാണ് നയപ്രഖ്യാപന പ്രസംഗം -കെ.സുധാകരന്‍

തിരുവനന്തപുരം: ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തിയപ്പോള്‍ എല്‍ഡി.എഫ് സര്‍ക്കാറിന്‍റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടാപം മാത്രമാണ് ഗവർണർ നയപ്രഖ്യാപനത്തില്‍ നടത്തിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നാണെന്ന് പയുന്നത് പോലെയാണ് സര്‍ക്കാറും ഗവര്‍ണ്ണറും നടത്തിയ ഒത്തുതീര്‍പ്പെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കേണ്ടിടത്ത് വെള്ളം ചേര്‍ത്തത് ഗവര്‍ണ്ണറെയും ബി.ജെ.പിയെയും പ്രീതിപ്പെടുത്താനാണ്. ഒരു ദിശാബോധമില്ലാത്ത നയപ്രഖ്യാപനമാണ് സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അതേ നയപ്രഖ്യാപനം പേരിന് മാറ്റംവരുത്തി കോപ്പിയടിച്ച് ഇറക്കിയിരിക്കുകയാണ്. കേരളത്തിന്‍റെ പൊതുകടം ഏറ്റവും അപകടകരമായ നിലയിലാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ പഠന റിപ്പോര്‍ട്ട്. അപ്പോഴാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തികനില ഭദ്രമെന്ന് പറയുന്നത്. നിത്യ ചെലവിന് പോലും പണമില്ലാതെ വീണ്ടും കടമെടുക്കാന്‍ കേന്ദ്രത്തിന്‍റെ പടിവാതിക്കല്‍ കാത്ത് നില്‍ക്കുന്ന സര്‍ക്കാറാണിത്.

ഗുണ്ടകളും പൊലീസ് ക്രിമിനലുകളും ചേര്‍ന്ന് പൊലീസ് സേനയെ അടക്കിവാണ് നാടും നഗരവും ഭരിക്കുമ്പോള്‍ അതിനെ മികച്ചതെന്ന് വിശേഷിപ്പിക്കാന്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സര്‍ക്കാറിനും അതിന് താളംതുള്ളുന്ന ഗവര്‍ണര്‍ക്കും മാത്രമെ കഴിയൂവെന്നും സുധാകരന്‍ പരിഹസിച്ചു.

മോദിയെ സുഖിപ്പിച്ച് കെ റെയില്‍ കേരളത്തില്‍ നടപ്പാക്കാമെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്നമാണ്. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചട്ടഭേദഗതിക്ക് ഒരുങ്ങുകയും ഒടുവില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്ത സര്‍ക്കാറാണ് മാധ്യമസ്വതന്ത്ര്യം വിളമ്പുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran against Governor and Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.