‘രണ്ടോ മൂന്നോ നേതാക്കൾക്കുള്ള പരാതി എന്തുകൊണ്ടെന്ന് ഊഹിച്ചാൽ മതി’; ഗ്രൂപ്പ് മാനേജർമാർക്കെതിരെ തുറന്നടിച്ച് സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസിൽ ഇപ്പോൾ നടക്കുന്ന നീക്കങ്ങൾ പാർട്ടിയെ സഹായിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കോൺഗ്രസിലെ ഐക്യം നഷ്ടപ്പെട്ടെന്ന എം.എം ഹസന്‍റെ അഭിപ്രായം ബാലിശമാണ്. ജനാധിപത്യ രീതിയിൽ ബ്ലോക്ക് പുനഃസംഘടന നടത്തിയതിൽ ആത്മസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ പ്രസിഡന്‍റുമാരുടെയും പേരുകൾ ഒറ്റ പട്ടികയായാണ് വന്നത്. അതിൽ യാതൊരു മാറ്റവും വരുത്താതെ അംഗീകരിച്ചിട്ടുണ്ട്. ഒന്നിലേറെ പട്ടികയിൽ ഒരു പേര് വന്നപ്പോൾ മെരിറ്റ് അടിസ്ഥാനമാക്കി തീരുമാനമെടുത്തു. മുൻ കാലത്ത് ഒരു മേശക്ക് ചുറ്റുമിരുന്ന പട്ടിക തയാറാക്കി കൊടുക്കുകയാണ് ചെയ്തിരുന്നത്. ആ രീതിയല്ല ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്.

എല്ലാ വിഭാഗങ്ങളുടെ ആളുകൾ ഉൾപ്പെട്ട ഉപസമിതി രൂപീകരിച്ച് സ്വതന്ത്ര ചർച്ചയിലൂടെ പട്ടിക തരാനാണ് കെ.പി.സി.സി ആവശ്യപ്പെട്ടത്. ഉപസമിതി അംഗീകരിച്ച പട്ടികയാണ് പുറത്തുവിട്ടത്. അതാണോ ഞങ്ങൾ ചെയ്ത തെറ്റെന്ന് സുധാകരൻ ചോദിച്ചു. വിമർശിക്കേണ്ടവർക്ക് വിമർശിക്കാം. എല്ലാവരുമായും ഫോണിൽ സംസാരിച്ചിട്ടുണ്ട്. അവസാനവട്ട ചർച്ച നടത്തിയില്ലെന്നാണ് പരാതി. അതിന് ആവശ്യമുണ്ടെന്ന് തോന്നിയില്ലെന്നും സുധാകരൻ വ്യക്തമാക്കി.

സുൽത്താൻ ബത്തേരി ക്യാമ്പിലെ തീരുമാനം അട്ടിമറിച്ചതും പരസ്യ പത്രസമ്മേളനം നടത്തിയതും എതിർപ്പ് ഉയർത്തിയവരാണ്. പാർട്ടിയിലെ പ്രശ്നങ്ങൾ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തിച്ചവർക്ക് എന്ത് പക്വതയാണ് ഉള്ളത്. പ്രതികൂട്ടിൽ നിന്ന് മറ്റുള്ളവരെ വിമർശിക്കുന്ന നടപടിയാണ് എതിർ ഭാഗത്ത് നിന്നുള്ളത്. നേതൃത്വത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് പറഞ്ഞത് രണ്ടോ മൂന്നോ നേതാക്കളാണ്. ഈ നേതാക്കൾക്കുള്ള പരാതി എന്തുകൊണ്ടെന്ന് ഊഹിച്ചാൽ മതിയെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസ് ഹൈക്കമാൻഡിനെ വിശ്വാസമുള്ളവർക്ക് അവരെ സമീപിക്കാം. അക്കാര്യത്തിൽ ഒരു പരാതിയുമില്ല. പരാതിയുണ്ടെങ്കിൽ അക്കാര്യം നേതൃത്വത്തോട് പറയാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. വീഴ്ച വന്നിട്ടുണ്ടെങ്കിൽ ഹൈക്കമാൻഡ് നടപടി സ്വീകരിക്കട്ടെ എന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - K Sudhakaran attack to A and I Groups leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.