ഷിരൂരിലെ തിരച്ചിൽ നിർത്താനുള്ള തീരുമാനം ദൗർഭാഗ്യകരവും ഏകപക്ഷീയവുമാണ് -മന്ത്രി റിയാസ്

കോഴിക്കോട്: കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കം അംഗീകരിക്കാൻ ആവില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.

കേരളവുമായി ഒരുതരത്തിലുള്ള കൂടിയാലോചനയും ഇല്ലാതെയാണ് കർണാടക സർക്കാർ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഇത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. കഴിഞ്ഞദിവസം ഒരുമിച്ച് എടുത്ത തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റമാണ് ഇതെന്നും ഈ തീരുമാനം കർണാടക സർക്കാർ പുന പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാട് അറിയിച്ചിട്ടുണ്ട്. കേരളത്തിൻ്റെ മുഖ്യമന്ത്രിമായും അവിടെ ക്യാമ്പ് ചെയ്യുന്ന എം.എൽ.എമാരുമായും സംസാരിച്ചു.

കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ കർണാടക സർക്കാർ അവസാനിപ്പിച്ചു എന്നാണ് ഷിരൂരിൽ എം വിജിൻ ക്യാമ്പ് ചെയ്യുന്ന എം.എൽ.എ അറിയിച്ചത്. കഴിഞ്ഞദിവസം ഇതിലും പ്രതികൂലമായ കാലാവസ്ഥയിലാണ് തിരച്ചിൽ നടത്തിയത്. എന്നാൽ കാലാവസ്ഥ അനുകൂലമായിട്ടും ഉച്ചയോടെ തിരച്ചിൽ അവസാനിപ്പിക്കുന്ന നിലപാടാണ് കർണാടക സർക്കാർ സ്വീകരിച്ചത്.

രക്ഷാപ്രവർത്തനമായി ബന്ധപ്പെട്ട കഴിഞ്ഞദിവസം വിദഗ്ധരുമായി ആലോചിച്ചു എടുത്ത മൂന്നു തീരുമാനങ്ങൾ ഉണ്ട്. ഒന്ന് പാൻറൂൺ കൊണ്ടുവരാനുള്ള തീരുമാനമാണ്. ഇത് കർണാടക അധികൃതരുമായി നേരിട്ട് ഇരുന്ന് ആലോചിച്ചടുത്ത തീരുമാനമാണ്. എന്നാൽ പിറ്റേ ദിവസമാണ് പാൻ്റൂൺ കൊണ്ടുവരാൻ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുന്നത്. പിന്നീട് രാജസ്ഥാനിൽ നിന്ന് കൊണ്ടുവരാം എന്നായി. അതും നടന്നിട്ടില്ല.

സർക്കാരിനെ പ്രതിനിധീകരിച്ച് ഒരു മീറ്റിങ്ങിൽ എടുത്ത തീരുമാനത്തിൽ നിന്ന് എന്തുകൊണ്ട് പുറകോട്ട് പോയി? തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് യോഗത്തിൽ തന്നെ പറയേണ്ടതായിരുന്നു.

തഗ്ബോട്ട് എത്തിക്കുന്നതിൽ ഉള്ള തടസ്സവും മുൻകൂട്ടി പറഞ്ഞിട്ടില്ല. ഡ്രജിങ് നടത്തുന്നതിൽ ഒരു പാലമാണ് തടസ്സം എന്നും അത് പരിഹരിക്കും എന്ന് പറഞ്ഞെങ്കിലും ഡ്ര ജിങ്ങും നടന്നിട്ടില്ല. ഈ മൂന്നു വഴികളും രക്ഷാപ്രവർത്തനത്തിന്റെ സാധ്യതകളായി കണ്ടതാണ്. ഇത് മൂന്നും പരാജയപ്പെട്ടശേഷം ആണ് ഇപ്പോഴത്തെ ന്യായീകരണമെങ്കിൽ ആ വാദത്തെ അംഗീകരിക്കാം. സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് പ്രശ്നം.

21 ദിവസം മഴ ആണെന്നാണ് പിന്നെ പറയുന്നത്. പ്രതികൂല കാലാവസ്ഥയിൽ എങ്ങനെ രക്ഷാ പ്രവർത്തനം നടത്താമെന്ന് ആലോചിക്കാവുന്നതാണല്ലോ. ഇന്ത്യയിലെ ഏറ്റവും മികച്ച നേവൽ ബേസ് സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. അതുകൊണ്ട് സാധ്യതകൾ പരിശോധിക്കാതെ തിരച്ചിൽ നിർത്തിവെക്കുന്ന നിലപാടിൽ നിന്ന് പുറകോട്ട് പോകാൻ കർണാടക സർക്കാർ തയ്യാറാകണം. ഇത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.

കേരളത്തിലെ മന്ത്രിമാർക്കും എം.എൽ.എമാർക്കും സ്ഥലം സന്ദർശിക്കാനും അഭിപ്രായം പറയാനും മാത്രമേ കഴിയൂ. കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ ഭരണഘടനാപരമായ തടസ്സങ്ങളുണ്ട്. അതുകൊണ്ട് ഒരുമിച്ച് എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ കർണാടക സർക്കാർ തയ്യാറാവണം.

ആരെയും കുറ്റപ്പെടുത്താനോ അനാവശ്യ വിവാദങ്ങളിലേക്ക് പോകാനോ താല്പര്യമില്ല. പക്ഷേ എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാതെ ആരുമായും കൂടിയാലോചനയില്ലാതെ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. മന്ത്രി എന്നതിലുപരി ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് എന്തെങ്കിലും സാധ്യത ഉണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം താൻ മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു


Tags:    
News Summary - Karnataka Government's decision is unfortunate and arbitrary - Minister Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.