കെ. സുധാകരൻ (ഫയൽ ചിത്രം)

ആക്ഷേപങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് ഒളിച്ചോടിയത്; മുഖ്യമന്ത്രിക്ക് സി.പി.എമ്മിനോട് കൂറില്ലെന്നും കെ. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ വകുപ്പിനും ഓഫിസിനും എതിരെ ഭരണകക്ഷി എം.എല്‍.എ പി.വി. അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. ആരോപണങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പൊതുസമൂഹത്തിന് ബോധ്യമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് തന്‍റേടമില്ല. പകരം സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും കൊണ്ട് തനിക്കെതിരായ ആക്ഷേപങ്ങളെ ന്യായീകരിക്കാനും ആരോപണങ്ങളുടെ ചോദ്യമുനയില്‍നിന്നു സ്വയം തടിയൂരാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രിക്ക് സത്യസന്ധതയും ആത്മാര്‍ഥതയും ഉണ്ടെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയണം. മുഖ്യമന്ത്രിക്ക് സി.പി.എമ്മിനോട് കൂറില്ല. ആ പ്രസ്ഥാനത്തെ തെരുവിലിട്ട് സ്വയം രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. സി.പി.എമ്മിന്‍റെ പരമോന്നത നേതാവ് കൂടിയല്ലെ പിണറായി വിജയന്‍. ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്തവും കടമയും അദ്ദേഹത്തിനുണ്ട്. സ്വർണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, പൂരംകലക്കിയതില്‍ ഉള്‍പ്പെടെ പ്രതിപക്ഷവും പി.വി. അന്‍വറും പറയുന്നത് പൊതുവസ്തുതയാണെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാത്തരം മാഫിയകള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫിസ് സംരക്ഷണം ഒരുക്കുന്നെന്നും സംസ്ഥാനത്ത് സി.പി.എം-ആർ.എസ്.എസ് അന്തര്‍ധാരയുണ്ടെന്നും പ്രതിപക്ഷം ഇത്രയും നാള്‍ പറഞ്ഞ കാര്യമാണ്. അത് ഭരണപക്ഷ എം.എല്‍.എയായ പി.വി. അന്‍വര്‍ ഒരിക്കല്‍ക്കൂടി സാക്ഷ്യപ്പെടുത്തുകയാണ്. ഇത്രയും നാളുള്ള അനുഭവങ്ങളുടെ വെളിച്ചത്തിലാകും അന്‍വര്‍ ഇക്കാര്യങ്ങള്‍ പരസ്യമായി തുറന്നുപറയുന്നത്. അത് നേരത്തെ ആകേണ്ടതായിരുന്നു. പി.വി. അന്‍വര്‍ മുന്‍കാലങ്ങളില്‍ പ്രതിപക്ഷത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതില്‍ ശക്തമായ നടപടിയെടുത്ത മുഖ്യമന്ത്രി ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ഓഫിസില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തെ ശത്രുപക്ഷത്ത് നിര്‍ത്തുകയാണ്.

ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തവും ഇരട്ടത്താപ്പുമാണ്. സ്വര്‍ണക്കടത്തിലും സ്വര്‍ണം പൊട്ടിക്കലിലും മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പിനും ഓഫിസിനും എതിരെ അന്‍വര്‍ ഉന്നയിച്ച ആക്ഷേപം സി.പി.എമ്മിന് നിഷേധിക്കാനാകുമോ? മുഖ്യമന്ത്രിക്ക് വേണ്ടി സി.പി.എം നേതൃത്വം ഇപ്പോൾ ഉയർന്ന ആക്ഷേപങ്ങളെ തള്ളിക്കളഞ്ഞാലും അവരുടെ അണികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. സി.പി.എം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ആര്‍.എസ്.എസ് അന്തര്‍ധാരയുമായി മുന്നോട്ട് പോകുമ്പോള്‍ അവര്‍ വഞ്ചിച്ചത് ആ പ്രസ്ഥാനത്തിന് വേണ്ടി രാഷ്ട്രീയ ഇരയാകേണ്ടിവന്ന രക്തസാക്ഷികളുടെ കുടുംബങ്ങളെയാണെന്നും സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹം

ഇ.പി ജയരാജന്‍ കേസില്‍ തന്നെ കുറ്റമുക്തനാക്കിയ ഹൈകോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ ഫയല്‍ ചെയത ഹരജി തള്ളിയ സുപ്രീംകോടതി നടപടി സ്വാഗതാര്‍ഹമെന്ന് സുധാകരന്‍ പറഞ്ഞു. തനിക്കെതിരെയുള്ളത് വെറും രാഷ്ട്രീയക്കേസാണെന്ന് പരമോന്നത കോടതിക്കും ബോധ്യപ്പെട്ടു. തന്‍റെ നിരപരാധിത്വവും ഈ കേസിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യവും ഹൈകോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് തന്നെ കുറ്റമുക്തനാക്കിയത്. എന്നാല്‍ ഇ.പിയും സി.പി.എമ്മും സര്‍ക്കാറും തന്നെ ക്രിമിനലാക്കി ചിത്രീകരിക്കാനും കൊലയാളി പട്ടം ചാര്‍ത്തി നല്‍കാനുമായാണ് കേസിനെ ഇതുവരെ ഉപയോഗിച്ചത്. വ്യാജ ആരോപണങ്ങളുടെ പേരില്‍ കാലങ്ങളായി സി.പി.എം തന്നെ വേട്ടയാടുകയാണെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran critisized Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.