അനുശോചനത്തിലെ പിഴവില്‍ വിശദീകരണവുമായി കെ. സുധാകരന്‍; ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല...

കോഴിക്കോട്: ചലചിത്രകാരൻ കെ.ജി. ജോര്‍ജിന് അനുശോചനം അറിയിച്ചതില്‍ സംഭവിച്ച പിഴവില്‍ വിശദീകരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തന്റെ പഴയകാല സഹപ്രവര്‍ത്തകനെയാണ് ഓര്‍മവന്നതെന്നും ജാഗ്രതക്കുറവുണ്ടായെന്നും സുധാകരന്‍ ഫേസ് ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു. പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കെ.ജി. ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നെന്നും അദ്ദേഹം എഴുതി. ഇതിനിടെ, പി.സി. ജോർജിനെ കുറിച്ചാണ് ​സുധാകരൻ പറഞ്ഞതെന്ന പ്രചാരണം ശക്തമായിരുന്നു. ഞാനിവിടെ, ജീവിച്ചിരിപ്പുണ്ടെന്ന പ്രതികരണവുമായി പി.സി. ജോർജും രംഗത്തെത്തി. കെ.ജി. ജോര്‍ജി​െൻറ മരണവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു കെ. സുധാകരന്‍ ആളുമാറി മറ്റൊരു ജോര്‍ജിന് അനുശോചനം രേഖപ്പെടുത്തിയത്. `അദ്ദേഹത്തേക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു, നല്ല രാഷ്ട്രീയ നേതാവായിരുന്നു, കഴിവും പ്രാപ്തിയുമുള്ള ആളാണ്. അദ്ദേഹത്തേക്കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമില്ല. അദ്ദേഹത്തോട് സഹതാപമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖമുണ്ട്', എന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇത് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങൾക്ക് ഇടയാക്കിയിരുന്നു.

കുറിപ്പ് പൂർണ രൂപത്തിൽ

ഇന്ന് രാവിലെ കെ. ജി. ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ. ജി. ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല. സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.

ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ. ജി. ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ. ജി. ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

Tags:    
News Summary - K Sudhakaran explanation of the mistake in condolence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.