തിരുവനന്തപുരം: കെ. സുധാകരനെതിരായ കൊലവിളി പ്രസംഗത്തെ ന്യായീകരിച്ച സി.പി.എം ജില്ലാ സെക്രട്ടറി സി.വി വർഗീസിനും മുതിർന്ന നേതാവ് എം.എം മണിക്കും മുന്നറിയിപ്പുമായി ഇടുക്കി ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. വേട്ടപ്പട്ടിയെ വിട്ട് കുരപ്പിക്കാതെ മാടമ്പിയായ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് മറുപടി പറയേണ്ടതെന്ന് സി.പി മാത്യു ആവശ്യപ്പെട്ടു. സി.പി.എമ്മിന്‍റെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് സി.പി മാത്യു മാധ്യമങ്ങളോട് പറഞ്ഞു.
കെ. സുധാകരനെ സംരക്ഷിക്കാനുള്ള കരുത്തും കെൽപ്പും കേരളത്തിലെയും ഇടുക്കിയിലെയും കോൺഗ്രസിനുണ്ട്. ചെണ്ട കൊട്ടുകാരന്‍റെ മകനെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെയും ജയരാജന്മാരുടെ ബോംബ് സ്ക്വാഡിനെയും നിർവീര്യമാക്കിയ പാരമ്പര്യമാണ് സുധാകരനുള്ളത്.
ഒരുപാട് ആളുകളെ മാർക്സിസ്റ്റ് പാർട്ടി കൊന്നുതള്ളിയിട്ടുണ്ട്. മുട്ടുകാട് നാണപ്പൻ, അഞ്ചേരി ബേബി, ബാലു എന്നീ നിരപരാധികളുടെ രക്തം വീണ മണ്ണാണ് ഇടുക്കിയിലേത്. ഞങ്ങൾ കുത്തി കൊന്നിട്ടുണ്ടെന്നും തല്ലി കൊന്നിട്ടുണ്ടെന്നും വെടിവെച്ച് കൊന്നിട്ടുണ്ടെന്നും പറഞ്ഞ ആളാണ് എം.എം മണിയെന്നും സി.പി മാത്യു ഓർമിപ്പിച്ചു.
കെ. സുധാകരന്‍റെ ദേഹത്ത് തൊടാനുള്ള ശേഷി മാർക്സിസ്റ്റ് പാർട്ടിയിൽ ഇപ്പോഴുള്ളവർക്കില്ലെന്നും അത് ഇനി ജനിക്കാൻ ഇരിക്കുന്നതെയുള്ളൂവെന്നും സി.പി. മാത്യു ചൂണ്ടിക്കാട്ടി. മാർക്സിസ്റ്റ് പാർട്ടി അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും എന്നിട്ട് ക്രമസമാധാനം തകർന്നുവെന്ന് വിളിച്ച് കൂവുകയാണെന്നും സി.പി. മാത്യു ആരോപിച്ചു.
ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ വിശദീകരിക്കുന്ന യോഗമാണ് ചെറുതോണിയിൽ നടന്നത്. ചെറുതോണി പ്രസംഗത്തിൽ അക്രമത്തിന്‍റെയോ മുഷ്കിന്‍റെയോ ഭാഷ കെ.പി.സി.സി അധ്യക്ഷൻ ഉപയോഗിച്ചിട്ടില്ലെന്നും സി.പി. മാത്യു ചൂണ്ടിക്കാട്ടി.
കെ. സുധാകരനെതിരെ കൊലവിളി പ്രസംഗവുമായി സി.പി.എം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് ആണ് രംഗത്തെത്തിയത്. സുധാകരന്‍റെ ജീവിതം സി.പി.എം നൽകുന്ന ഭിക്ഷയാണെന്നും ഒരു നികൃഷ്ടജീവിയെ കൊല്ലാൻ താൽപര്യമില്ലെന്നുമാണ് ചെറുതോണിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സി.പി.എം ജില്ല സെക്രട്ടറി പറഞ്ഞത്.
ഇന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിച്ച സി.വി വർഗീസും എം.എം മണിയും സുധാകരനെതിരായ പരാമർശത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്. ചെറുതോണിയിൽ നടത്തിയ പ്രസംഗം സുധാകരനുള്ള മറുപടിയെന്നാണ് സി.വി വർഗീസ് പ്രതികരിച്ചത്. കൊല്ലപ്പെട്ട എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചെന്നും സി.വി വർഗീസ് ചൂണ്ടിക്കാട്ടി.
സി.പി.എം ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗത്തെ പിന്തുണച്ച എം.എം. മണി കെ. സുധാകരന് മുന്നറിയിപ്പ് നൽകുന്ന പ്രതികരണമാണ് നടത്തിയത്. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാൻ കഴിയില്ലെന്ന് മണി പറഞ്ഞു.
കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികൾ ജയിലിൽ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കിൽ തങ്ങൾ എന്ത് ചെയ്യുമെന്ന് കെ. സുധാകരന് അറിയാം. കണ്ണൂരിൽ നിന്നല്ലേ സുധാകരന് വരുന്നതെന്നും എം.എം മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.