സഹകരണത്തിന് കോണ്‍ഗ്രസ് തയാറാകുമ്പോള്‍ സി.പി.എം പിന്നില്‍നിന്ന് കുത്തുന്നു -കെ. സുധാകരന്‍

തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തുരത്താന്‍ സഹകരണത്തിന് കോണ്‍ഗ്രസ് തയാറാകുമ്പോള്‍ പോലും പിന്നില്‍ നിന്ന് കുത്തുന്ന നിലപാടാണ് സി.പി.എം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

സ്വന്തം പാളയത്തില്‍ നിന്ന് എം.എല്‍.എ ഉള്‍പ്പെടെ ബി.ജെ.പിയിലേക്ക് പോകുമ്പോഴും കോണ്‍ഗ്രസിനെ പരിഹസിക്കുന്ന തിരക്കിലാണ് സി.പി.എം. ത്രിപുരയില്‍ ബി.ജെ.പിയെ ചെറുക്കാന്‍ കെല്‍പ്പില്ലാതെ കോണ്‍ഗ്രസിന്റെ സഹായം തേടിയിട്ടും ബി.ജെ.പിയോടുള്ള കൂറ് അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്. ഏറ്റവും ഒടുവില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ കോണ്‍ഗ്രസ് തനിച്ച് 25 ശതമാനത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഭരണം നയിച്ച സി.പി.എമ്മിന് 17 ശതമാനം വോട്ട് മാത്രമാണ് അവിടെ നേടാനായത്. അതില്‍ നിന്ന് തന്നെ ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ടുകള്‍ ആരുടെതാണെന്ന് വ്യക്തമാണ്. ത്രിപുരയില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്നും സുധാകരന്‍ പറഞ്ഞു.

കമ്യൂണിസം പ്രസംഗിക്കുമ്പോഴും സി.പി.എം നേതാക്കള്‍ മൃദുഹിന്ദുത്വം മനസ്സില്‍ താലോലിക്കുന്നു. ദേശീയതലത്തില്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കുന്ന ബി.ജെ.പി നയങ്ങള്‍ സോഷ്യല്‍ എഞ്ചിനിയറിങ് ഭാഗമായി കേരളത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നടപ്പാക്കുകയാണ്. ബംഗാളിലും ത്രിപുരയിലും ഉള്‍പ്പെടെ പാര്‍ട്ടി ഓഫിസ് കാവിയടിച്ച് കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ നേതാക്കളുള്ള പാര്‍ട്ടിയാണ് സി.പി.എമ്മെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ കൊടിക്കീഴില്‍ അഭയം തേടിയത് കൊണ്ടുമാത്രമാണ് ലാവ്‌ലിന്‍, സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ കൈകളില്‍ വിലങ്ങ് വീഴാത്തത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിര ശക്തിപ്പെടുത്തുന്ന നീക്കങ്ങള്‍ക്ക് സി.പി.എം വിഘാതം നില്‍ക്കുന്നതും അതിന്റെ പ്രത്യുപകാരമായിട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയിലേക്ക് അണികള്‍ ചേക്കേറുമ്പോള്‍ സി.പി.എമ്മിനെപ്പോലെ തങ്ങള്‍ക്ക് ആഹ്ലാദിക്കാനാവില്ലെന്നും ബി.ജെ.പിയുടെ പരാജയപ്പെടുത്തുക എന്നതുമാത്രമാണ് കോണ്‍ഗ്രസിന്റെ പ്രഥമ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran mp statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.