തിരുവനന്തപുരം: ദീർഘകാല വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കാനാവില്ലെന്ന കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണൽ വിധിയോടെ ഇനിയുള്ള വൈദ്യുത കരാറുകളിൽ മാനദണ്ഡങ്ങൾ സൂക്ഷ്മമായി പാലിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതമാവും. മുൻകൂർ അനുമതി വാങ്ങിയില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കരാർ റെഗുലേറ്ററി കമീഷൻ 2023 മേയിൽ റദ്ദാക്കുകയും ആ വർഷം ഡിസംബറിൽ സംസ്ഥാന സർക്കാർ ഇടപെടലിനെത്തുടർന്ന് പുനഃസ്ഥാപിക്കുകയുമായിരുന്നു. ഇതാണ് അപ്പലേറ്റ് ട്രൈബ്യൂണൽ റദ്ദാക്കിയതും സർക്കാർ നിർദേശം റെഗുലേറ്ററി കമീഷൻ പാലിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയതും.
വൈദ്യുതി കരാറുകൾ അനുവദിക്കുന്നതിൽ റെഗുലേറ്ററി കമീഷന്റെ അധികാരം ആവർത്തിച്ച് ഉറപ്പിക്കുന്നതുകൂടിയാണ് അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവ്. ഈ സാഹചര്യത്തിൽ ഇനിയുള്ള വൈദ്യുതി കരാറുകളിൽ റെഗുലേറ്ററി കമീഷൻ അടുത്തിടെ മുന്നോട്ടു വെച്ച നിർദേശങ്ങൾ കർശനമായി പാലിക്കാൻ കെ.എസ്.ഇ.ബി തയാറാകേണ്ടിവരും. കെ.എസ്.ഇ.ബിയുടെ 2022-23 വർഷ ട്രൂയിങ് അപ് അക്കൗണ്ടുകൾ സംബന്ധിച്ച അപേക്ഷ തീർപ്പാക്കിയുള്ള ഉത്തരവിൽ വൈദ്യുതി വാങ്ങൽ നടപടികൾക്കെതിരെ കമീഷൻ കടുത്ത വിമർശം നടത്തിയിരുന്നു. വൈദ്യുതി വാങ്ങൽ സാഹചര്യങ്ങളും ചെലവുമടക്കം നിരീക്ഷിക്കാനും പരിശോധന നടത്താനും കോർകമ്മിറ്റി പ്രവർത്തിക്കണമെന്നതടക്കമുള്ള നിർദേശങ്ങളും മുന്നോട്ടുവെച്ചു. വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും കമ്മിറ്റി പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഉയർന്ന വില നൽകി വൈദ്യുതി വാങ്ങുന്ന സാഹചര്യം ഒഴിവാക്കണം, പവർ എക്സ്ചേഞ്ചിൽനിന്ന് അടക്കം വൈദ്യുതി വാങ്ങൽ കരാറുകൾക്ക് മുൻകൂർ അനുവാദം വാങ്ങണം തുടങ്ങിയ റെഗുലേറ്ററി കമീഷൻ നിർദേശങ്ങളും അതേപടി പാലിക്കാൻ കെ.എസ്.ഇ.ബി തയാറാകേണ്ടിവരും. അതേസമയം, വൈദ്യുത കരാർ സംബന്ധിച്ച അപ്പലേറ്റ് ട്രൈബ്യൂണൽ തീരുമാനം സംസ്ഥാന സർക്കാറിന്റെ അധികാരത്തിലുള്ള കൈകടത്താലാണെന്ന വിലയിരുത്തലാണ് ഭരണതലത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.