തൊടുപുഴ: 144 കോടിക്ക് യാഥാർഥ്യമാക്കാൻ കരാറായ വൈദ്യുതി പദ്ധതി 12 വർഷം വൈകി നാലിലൊന്ന് മാത്രം ശേഷിയിൽ പൂർത്തിയാക്കിയത് 450 കോടി മുടക്കിൽ. ഇതിനോടകം മൂന്നിരട്ടി തുക വൈദ്യുതി ബോർഡിന്റെ പോക്കറ്റിൽനിന്ന് കളഞ്ഞ പദ്ധതി ഭാഗികമായി മാത്രം പൂർത്തിയായത് മന്ത്രിമാരടക്കം വകുപ്പ് ഭരണക്കാരുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലം.
40 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ട് 2012 മേയ് 19ന് നിര്‍മാണം പൂര്‍ത്തിയാകേണ്ടിയിരുന്ന തൊട്ടിയാര്‍ പദ്ധതിയാണ് ഭീമമായ തുക ഇതിനോടകം വിഴുങ്ങിയത്. 10 മെഗാവാട്ട് മാത്രം ശേഷിയിൽ അടുത്ത ദിവസം കമീഷൻ ചെയ്യാനിരിക്കുകയാണ് പദ്ധതി. പൂർണമായി കമീഷൻ ചെയ്യാൻ ഇനിയും വേണ്ടിവരും കോടികൾ. വൈദ്യുതി ഉൽപാദനത്തിലൂടെ ലഭിക്കുമായിരുന്ന ലാഭം ഇല്ലാതായതുവഴിയുള്ള നഷ്ടം വേറെ. എന്നിട്ടും വൈദ്യുതി ഉദ്യോഗസ്ഥരെ പുകഴ്ത്തി രംഗത്തെത്തി കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. ഉദ്യോഗസ്ഥരുടെ ഇച്ഛാശക്തിയെന്ന് വാഴ്ത്തുകയായിരുന്നു ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി. പദ്ധതി പൂർത്തിയാകാനെടുത്ത കാലതാമസവും നഷ്ടവും ചൂണ്ടിക്കാട്ടി ഒട്ടേറെപേർ പോസ്റ്റിന് താഴെ പൊങ്കാലയിട്ടു.
ഹൈദരാബാദ് ആസ്ഥാനമായ സി.പി.പി.എല്ലും ചൈനീസ് കമ്പനിയായ ചോങ്കിങ്ങും ഉള്‍പ്പെട്ട ജോയന്റ് വെഞ്ച്വര്‍ 2008 ഒക്ടോബര്‍ 20നാണ് 42 മാസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കരാർ ഒപ്പിട്ടത്. 2008 നവംബര്‍ 19ന് നിര്‍മാണം തുടങ്ങി. 2009 ഫെബ്രുവരി മൂന്നിന് വൈദ്യുതിമന്ത്രി എ.കെ. ബാലന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. 144 കോടി രൂപയായിരുന്നു കരാര്‍ തുക. അതിനിടെ അനുബന്ധ ഭൂമി ഏറ്റെടുത്ത് നല്കുന്നതു സംബന്ധിച്ച പ്രശ്നങ്ങളില്‍ കരാറുകാരും വൈദ്യുതി ബോര്‍ഡും തമ്മില്‍ ഉടക്കിലായി. പല ഘട്ടങ്ങളിൽ തര്‍ക്കം രൂക്ഷമായെങ്കിലും ഫലപ്രദ ഇടപെടലുണ്ടായില്ല. ദീര്‍ഘനാളുകള്‍ക്കുശേഷം ഫോര്ക്ലോഷ്വര് നടപടിയിലൂടെ കരാറുകാരെ ഒഴിവാക്കി. ലാഭം അടക്കം തുക വസൂലാക്കിയാണ് കരാറുകാർ ഒഴിവായത്. 2016 നവംബര്‍ 19ന് പദ്ധതിയുടെ ഭരണാനുമതി 280 കോടിയായി പുതുക്കി. പി ആൻഡ് ആര് ഇന്‍ഫ്രാ പ്രോജക്ട്സ്, എസ്.എസ്.ഐ.പി.എല്‍ കണ്‍സോര്‍ഷ്യവുമായാണ് തുടർനിർമാണത്തിന് കരാറായത്. 2018 ഏപ്രില്‍ അഞ്ചിന് ഇവരുമായി കരാര്‍ ഒപ്പിട്ടു.
പെരിയാറില്‍ വാളറക്ക് സമീപം തൊട്ടിയാറില്‍ നിർമിച്ച 12 മീ. ഉയരത്തിലുള്ള ഡാമിൽനിന്ന് കുതിരകുത്തി മല തുരന്ന് 200 മീ. ടണലും 122 മീ. നീളമുള്ള പെന്‍സ്റ്റോക്കും നിര്‍മിച്ച് ലോവര്‍ പെരിയാര്‍ പവര്‍ ഹൗസിന് രണ്ട് കി.മീ. മാറി സ്ഥാപിച്ചിട്ടുള്ള പവര്‍ ഹൗസില്‍ വെള്ളം എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുക.
30 മെഗാവാട്ട്, 10 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് പെല്‍ട്ടണ്‍ വീല്‍ ടര്‍ബൈനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 10 മെഗാവാട്ട് ശേഷിയിലുള്ളതാണ് കമീഷനിങ്ങിന് തയാറായിട്ടുള്ളത്. 99 ദശലക്ഷം യൂനിറ്റ് വൈദ്യുതി ലക്ഷ്യം നേടാൻ 30 മെഗാവാട്ട് മെഷീനുകൾകൂടി പ്രവർത്തനസജ്ജമാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.