കെ.സി. വേണുഗോപാലിനെ ക്ഷണിക്കാത്ത മുഖ്യമന്ത്രി അല്‍പ്പത്തരത്തിന്‍റെ ആള്‍രൂപമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തില്‍ നിന്നും കെ.സി. വേണുഗോപാല്‍ എം.പിയെ ഒഴിവാക്കിയതിലൂടെ അല്‍പ്പത്തരത്തിന്‍റെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് വ്യക്തമായെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എംപി. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് കെ.സി. വേണുഗോപാല്‍ എം.പിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി 120 കോടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മാണത്തിന് അനുവദിച്ചതെന്ന് മുന്‍ മന്ത്രിയും സി.പി.എം നേതാവുമായ ജി. സുധാകരന്‍ പോലും സാക്ഷ്യപ്പെടുത്തുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

പദ്ധതിയുടെ നടത്തിപ്പിന് വേണ്ട എല്ലാ ഇടപെടലും ഏകോപനവും നടത്തിയത് വേണുഗോപാല്‍ മുന്‍കൈയെടുത്താണെന്നത് യാഥാർഥ്യമാണ്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കാത്തത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഇടുങ്ങിയ ചിന്താഗതി കൊണ്ടാണ്. ഉദ്ഘാടന ചടങ്ങില്‍ കെ.സി. വേണുഗോപാലിനെ ക്ഷണിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പങ്കെടുക്കേണ്ടവര്‍ ആരൊക്കെയെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്നാണ് സംഘാടക സമിതി അംഗം എച്ച്. സലാം എം.എല്‍.എ അറിയിച്ചെന്നാണ് അറിയാന്‍ സാധിച്ചത്.

ആശുപത്രി നിര്‍മാണത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാന്‍ ഇത്തരുണത്തില്‍ മനസുകാട്ടിയ ജി. സുധാകരനെ പ്രത്യേകം അഭിനന്ദിക്കുന്നു. ആലപ്പുഴ ജില്ലയുടെ ആരോഗ്യ രംഗത്തെ പോരായ്മകള്‍ പരിഹരിക്കുന്നതിന് നിരന്തരമായ ഇടപെടലുകള്‍ നടത്തിയ കെ.സി. വേണുഗോപാലിനെ അവഹേളിച്ച സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രിയ പാപ്പരത്തമാണെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

Tags:    
News Summary - K. Sudhakaran react the K.C. Venugopal invitation issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.