സി.പി.എമ്മും ബി.ജെ.പിയും കേരളത്തെ ചോരക്കളമാക്കുന്നു -കെ. സുധാകരന്‍

തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും ചോരക്കളി അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു. കൊല്ലും കൊലയും സർവസാധാരാണമായി. ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. ആരുവേണമെങ്കിലും ഏത് സമയവും കൊല്ലപ്പെടാമെന്ന സ്ഥിതിയാണ്. ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.

ലഹരിമാഫിയ വിലസുന്നു. അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസും ആഭ്യന്തര വകുപ്പും സമ്പൂര്‍ണ പരാജയമാണ്. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഭരണനേതൃത്വം തയാറാകാത്തതാണ് ഇതിനെല്ലാം കാരണം. കൊലപാതക സംഘങ്ങള്‍ക്ക് സംരക്ഷണം ഒരുക്കുന്ന സി.പി.എം ഭരിക്കുമ്പോള്‍ മറിച്ച് ആഗ്രഹിക്കുന്നത് മൗഢ്യമാണ്. അരുംകൊല രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം, ബി.ജെ.പി നേതൃത്വങ്ങള്‍ തയാറാകണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

അക്രമരാഷ്ട്രീയത്തിന്‍റെ കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരുനാണയത്തിന്റെ ഇരുവശങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുണ്ടാക്കിയ രഹസ്യധാരണക്ക് താല്‍കാലിക വിരാമിട്ടു കൊണ്ട് രണ്ടു കൂട്ടരും ഉറയിലിട്ട വാള്‍ വീണ്ടും പുറത്തെടുക്കുകയാണ്. സി.പി.എമ്മും ബി.ജെ.പിയും കൊലപാതക രാഷ്ട്രീയത്തിന്റെ ഉപാസകരാണ്.

സ്വന്തം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ കുമ്പള പഞ്ചായത്തിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാക്കാനുള്ള ബി.ജെ.പിയുടെ നീക്കത്തിനെതിരായാണ് കഴിഞ്ഞ ദിവസം കാസര്‍കോട് ബി.ജെ.പി ജില്ലാ ആസ്ഥാനം അവരുടെ പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. സി.പി.എമ്മും ബി.ജെ.പിയും അധികാരരാഷ്ട്രീയത്തിനായി അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി കൊലപാതക രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന സഹകരണ സംഘങ്ങളാണ്. ഇത് മനസിലാക്കാതെയാണ് അണികള്‍ പരസ്പരം വെട്ടി മരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

കല്യാണ വീട്ടില്‍വരെ ബോംബെറിഞ്ഞു കളിക്കുന്ന അവസ്ഥയിലേക്ക് കേരളത്തെ എത്തിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി നടക്കുന്ന കൊലപാതകങ്ങള്‍. ഇതില്‍ ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ കുറ്റവാളികളാണ്. കണ്ണൂരില്‍ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കണ്ണൂര്‍ ന്യൂമാഹിയില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പട്ട സംഭവം അപലപനീയമാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K Sudhakaran react to Haridas murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.