കെ. സുധാകരൻ (ഫയൽ ചിത്രം)

ബി.ജെ.പിയുടെ ഇലക്ട്രൽ ബോണ്ട് പോലെയാണ് സി.പി.എമ്മിന് മദ്യനയമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: ഇലക്ട്രല്‍ ബോണ്ട് ഉപയോഗിച്ച് ബി.ജെ.പി സഹസ്രകോടികള്‍ പിരിച്ചെടുത്തതിനു സമാനമായി സി.പി.എം കേരളത്തില്‍ മദ്യനയം ഉപയോഗിച്ച് കോടികള്‍ പിരിച്ചെടുത്തെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍. യാതൊരു മാനദണ്ഡവും പാലിക്കാതെ ടൂറിസം വകുപ്പ് ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ബാറുകള്‍ അനുവദിച്ചതിലും വലിയ അഴിമതി നടന്നിട്ടുണ്ട്. ഇവയെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് കാലത്ത് ബാര്‍ ഉടമകളിൽ നിന്ന് കോടികള്‍ ബലംപ്രയോഗിച്ച് പിരിച്ചെടുത്തെന്നും പണം നൽകാത്തവരെ കള്ളക്കേസില്‍ കുടുക്കിയെന്നും ഏപ്രില്‍ 12ന് മുഖ്യമന്ത്രിക്ക് ബാര്‍ ഉടമകള്‍ പരാതി നൽകി. ഇതു തന്നെയാണ് ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്തത്. വന്‍കിട പദ്ധതികള്‍ വന്‍കിടക്കാര്‍ക്ക് ചുളുവിലക്ക് നൽകുകയും അതിന്റെ കമീഷന്‍ ഇലക്ട്രല്‍ ബോണ്ടായി വാങ്ങുകയും വിസമ്മതിച്ചവര്‍ക്കെതിരേ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേസെടുക്കുകയുമാണ് അവിടെ ചെയ്തത്. മോദിയില്‍ നിന്ന് ശിഷ്യത്വം സ്വീകരിച്ച് പിണറായി വിജയന്‍ ഇവിടെ മദ്യനയത്തില്‍ അതു നടപ്പാക്കിയെന്ന് സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുകാലത്ത് മുഖ്യമന്ത്രിയുടെ പേരു പറഞ്ഞാണ് കോടികള്‍ പിരിച്ചെടുത്തതെന്നു ബാറുടമകളുടെ പരാതിയില്‍ പറയുന്നു. ഇതിന്മേല്‍ ഇതുവരെ അന്വേഷണമോ നടപടിയോ ഇല്ല. ബാര്‍ ഉടമകളില്‍ നിന്ന് വീണ്ടും രണ്ടരലക്ഷം രൂപ വീതം പിരിക്കുന്നതു സംബന്ധിച്ചും അന്വേഷണമില്ല. ബാര്‍ ഉടമകളുടെ യോഗത്തില്‍ നിന്ന് ശബ്ദസന്ദേശം എങ്ങനെ പുറത്തുപോയി എന്നതു മാത്രമാണ് അന്വേഷിക്കുന്നത്. ഇതൊന്നും അന്വേഷിക്കാത്തവരാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ മകന്‍ വാട്ട്സ്ആപ് ഗ്രൂപ്പില്‍ അംഗമാണ് എന്നു പറഞ്ഞ് അന്വേഷണത്തിന് നോട്ടീസ് അയച്ചത്.

സത്യസന്ധമായ അന്വേഷണം നടന്നാല്‍ അതു കുടുംബത്തിലേക്കു നീളും എന്നതാണ് മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത്. എക്സൈസ് മന്ത്രിയെ നോക്കുകുത്തിയാക്കി ടൂറിസം മന്ത്രി നേരിട്ടാണ് മദ്യനയം തൂക്കിവിറ്റത്. ടൂറിസം മന്ത്രിയുടെ ഇടപെടലില്‍ സഹികെട്ട് അവസാനം താനാണ് എക്സൈസ് മന്ത്രി എന്നുപോലും മന്ത്രി എം.ബി. രാജേഷിന് നിയമസഭയില്‍ പറയേണ്ടി വന്നു.

നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങള്‍ക്ക് ടൂറിസം വകുപ്പ് ഹെറിറ്റേജ് പദവി നൽകി അവിടങ്ങളില്‍ ബാറുകള്‍ അനുവദിക്കുന്നതാണ് മറ്റൊരു അഴിമതി. തമിഴ്നാട്ടില്‍ നിന്നും മറ്റും പുരാതന വീടുകള്‍ ഇളക്കികൊണ്ടുവന്നാണ് ഇവിടെ പല കെട്ടിടങ്ങളും ഹെറിറ്റേജ് പദവി നേടിയതെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - K Sudhakaran said that CPM's liquor policy is like BJP's electoral bond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.