ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്നു കെ. സുധാകരന്‍

 തിരുവന്നതപുരം: സ്വപ്‌ന സുരേഷിനെതിരേ ആയിരംവട്ടം മാനനഷ്ടക്കേസ് കൊടുക്കുമെന്നു വെല്ലുവിളിച്ച സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ മുഖ്യമന്ത്രിയെ വെട്ടിലാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയുടെ തിട്ടൂരത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഗോവിന്ദനെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ പിന്നിലൊളിച്ചു.

ആയിരംവട്ടം വേണ്ട, ഒരുവട്ടമെങ്കിലും മുഖ്യമന്ത്രിയെക്കൊണ്ട് മാനനഷ്ടക്കേസ് കൊടുപ്പിക്കാമോ എന്ന് പാര്‍ട്ടി സെക്രട്ടറിയെ വീണ്ടും വെല്ലുവിളിച്ചു. ഒരു വട്ടം സ്വപ്‌ന ആരോപണം ഉന്നയിച്ചപ്പോഴാണ് ഗോവിന്ദന്‍ മാനനഷ്ടക്കേസ് കൊടുക്കാം എന്നെങ്കിലും പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ആയിരംവട്ടമെങ്കിലും സ്വപ്‌ന ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ബിരിയാണിച്ചെമ്പിലെ സ്വര്‍ണക്കടത്ത്, വിമാനത്താവളത്തിലൂടെ കറന്‍സി കടത്ത്, കുടുംബാംഗങ്ങളുടെ വന്‍ ബിസിനസ് ഡീലുകള്‍ തുടങ്ങി കേരളം ഞെട്ടിപ്പോയ നിരവധി ആരോപണങ്ങളാണ് പല വേദികളില്‍ ഉയര്‍ന്നത്. അതിനെതിരേ ചെറുവിരല്‍പോലും അനക്കാത്ത മുഖ്യമന്ത്രിയുടെ മടിയില്‍ കനമുണ്ടെന്ന് ജനങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നെന്നു സുധാകരന്‍ പറഞ്ഞു.

ശനിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയില്‍ മാനനഷ്ടക്കേസിനെക്കുറിച്ച് പരാമര്‍ശമേയില്ല. ഇനിയും പുതിയ കഥകള്‍ വരുമെന്നാണ് സെക്രട്ടേറിയറ്റ് പ്രവചിക്കുന്നത്. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന ഭയം തന്നെയാണ് മാനനഷ്ടക്കേസ് കൊടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രിയെ പിന്നോട്ടുവലിക്കുന്നത്. ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ച സി.പി.എം നേതാക്കളായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് മാനനഷ്ടക്കേസ് കൊടുക്കാന്‍ പാര്‍ട്ടി അനുമതി നല്കിയെങ്കിലും അവരും ഭയപ്പാടിലാണ്.

കടകംപള്ളി സുരേന്ദ്രന്‍ അങ്ങോട്ടു ചെന്ന് സ്വപ്‌നയോട് ക്ഷമിച്ചതായി പ്രഖ്യാപിച്ച് നാണംകെടുകയും ചെയ്തു. മുഖ്യമന്ത്രിയും മുന്‍മന്ത്രിമാരുമെല്ലാം നാണക്കേടിന്റെ പടുകുഴിയിലാണ്. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെക്കാള്‍ കോമാളികളും കഴിവുകെട്ടവരുമാണ് രണ്ടാം പിണറായി മന്ത്രിസഭാംഗങ്ങള്‍. അഞ്ച് മാസം മുമ്പ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റ ഡോ സിസ തോമസിന് വിരമിക്കാന്‍ 21 ദിവസം മാത്രം ബാക്കി നില്‌ക്കെ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് നല്കിയ നടപടി സുബോധവും വിവേകവുമുള്ള ആരെങ്കിലും ചെയ്യുമോ? മറ്റൊരു മന്ത്രി പ്ലസ് വണ്‍ പരീക്ഷാ ചോദ്യക്കടലാസ് പേപ്പറുകള്‍ ചരിത്രത്തിലാദ്യമായി ചുവപ്പില്‍ അച്ചടിച്ചിരിക്കുകയാണ്. വെള്ളപേപ്പറില്‍ കറുത്ത മഷിയില്‍ ചോദ്യപേപ്പറടിക്കുന്ന ദശാബ്ദങ്ങളായുള്ള കീഴ്‌വഴക്കം ലംഘിച്ചത് മുഖ്യമന്ത്രിയുടെ കറുപ്പ് ഫോബിയ മന്ത്രിമാരിലേക്കു വ്യാപിച്ചതുകൊണ്ടാണോയെന്ന് സുധാകരന്‍ ചോദിച്ചു.

Tags:    
News Summary - K Sudhakaran said that Govindan Master cut off the Chief Minister.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.