പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പിണറായിയുടെ വാട്ടര്‍ ലൂ ആയിരിക്കുമെന്ന് കെ. സുധാകരന്‍

തൃശൂർ : പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തിലെ വാട്ടർ ലൂ ആയിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. മാസപ്പടി കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി വിധി പുറത്തുവന്നതിന് ശേഷം പിണറായി വിജയന് സി.പി.എമ്മില്‍ നിന്നുള്ള പിന്തുണ കുറയുകയാണ്.

മുഖ്യമന്ത്രിക്ക് പ്രതിരോധം ഒരുക്കാന്‍ ചാടി വീഴുന്ന നേതാക്കളെ ആരെയും കാണാനില്ലെന്നത് സി.പി.എമ്മില്‍ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്നതിന്റെ സൂചനയാണ്. മാസപ്പടി കേസിലെ സി.പിഎം നേതാക്കളുടെ മൗനം ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബം നടത്തിയ സാമ്പത്തിക തട്ടിപ്പിനെ ന്യായീകരിച്ചാല്‍ നാറുമെന്നും ജനരോഷം തങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്നുമുള്ള തിരിച്ചറിവിലാണ് പിണറായിയുടെ നാവായി പ്രവര്‍ത്തിച്ച എ.കെ ബാലനെ പോലുള്ളവരുടെ ഉള്‍വലിയല്‍.

സി.പി.എമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കള്‍ പോലും മാസപ്പടിയില്‍ പ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുകയാണ്. പ്രതിരോധം തീര്‍ക്കുന്നതില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യു ടേണ്‍ അടിച്ചു. മാസപ്പടിയില്‍ അന്വേഷണം തുടരാമെന്ന വിധിക്ക് പിന്നാലെയാണ് മോദിയുടെ ഇഷ്ടഭാജനമായ അദാനിക്ക് വേണ്ടി പിണറായി വിജയന്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സംസ്ഥാനത്തിന്റെ താല്‍പര്യം ബലികഴിച്ചത്.

അദാനിക്ക് കീഴടങ്ങി ആര്‍ബിട്രേഷന്‍ നടപടികളില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത് സി.പി.എം ബി.ജെ.പി ഒത്തുതീര്‍പ്പിന്റെ സൂചനയാണ്. ഇതേ ബന്ധം എല്ലാ തലങ്ങളിലുമുണ്ട്. പരസ്പര ധാരണയിലാണ് സി.പി.എമ്മും ബി.ജെ.പിയും പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കും. ജനവികാരം യു.ഡി.എഫിനും കോണ്‍ഗ്രസ് അനുകൂലമാണ്. ഇത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.

കരുവന്നൂര്‍ കൊള്ളയും പി.എസ്.സി നിയമനങ്ങള്‍ നിര്‍ത്തിവച്ചതും സാംസ്‌കാരിക മേഖലയിലെ കൊള്ള, വന്യമൃഗ ഭീഷണി, പാലിയേക്കര ടോള്‍, നെല്ലിന് വില കിട്ടാത്ത അവസ്ഥ, തൊഴില്‍ മേഖലയിലെ സ്തംഭനം, പൂരം പ്രതിസന്ധി, ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ ജനകീയ ചര്‍ച്ചാ സദസില്‍ ഉയര്‍ന്നു വന്നു. ആനൂകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും വിരമിച്ചവരും അവരുടെ പ്രയാസങ്ങള്‍ പങ്കുവച്ചു.

അഞ്ചും ആറും വര്‍ഷം കഴിഞ്ഞവര്‍ക്ക് പോലും ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടില്ല. സമരാഗ്നി വെറും രാഷ്ട്രീയ യാത്രയല്ല ജനങ്ങളുടെ വികാരം ഏറ്റെടുത്ത പ്രക്ഷോഭ യാത്രയാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. സര്‍ക്കാരില്‍ നിന്നും ആനുകൂല്യം നിഷേധിക്കപ്പെട്ട ആയിരങ്ങളാണ് സമരാഗ്നിയില്‍ പരാതിയുമായി എത്തുന്നതെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran said that Pinarayi's warter loo will be the parliamentary election.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.