സി.പി.എം സെമിനാർ നനഞ്ഞ പടക്കമായെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: വൈവിധ്യങ്ങളും ബഹുസ്വരതയും നിലനിൽക്കുന്ന ഇന്ത്യയിൽ ബി.ജെ.പിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മിന്‍റെ നിലപാടും ആശാസ്യമല്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സി.പി.എം രാഷ്ട്രീയ മുതലെടുപ്പിനായി കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ വെറും നനഞ്ഞപടക്കമായി മാറിയെന്നും ഏക വ്യക്തി നിയമത്തിൽ സി.പി.എമ്മിന്റെ തനിനിറം സെമിനാറിൽ പുറത്തു വന്നെന്നും സുധാകരൻ പത്രകുറിപ്പിൽ പറഞ്ഞു.

സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നിലപാടുകളിലെ സാമ്യത ചര്‍ച്ചയാകെതിരിക്കാനാണ് മരുമോന്‍ മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഏകവ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും അ‍ജണ്ട നടപ്പിലാക്കുന്നതിന് സെമിനാര്‍ വേദി സി.പി.എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സെമിനാറിൽ ക്ഷണം സ്വീകരിച്ചെത്തിയ ഭൂരിഭാഗം പേരും സി.പി.എമ്മിന്റെ അജണ്ടയെ അതേ വേദിയിൽ വെച്ച് തന്നെ സംഘടിതമായി എതിർത്തത് അവരുടെ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവിഭാഗം ജനങ്ങളെയും രാജ്യത്തിന്‍റെ മതേതരത്വത്തെയും ബഹുസ്വരതയേയും ബാധിക്കുന്നതുമായ ഗുരുതരമായ വിഷയമാണിത്. ദേശീയ തലത്തിൽ ഈ വിഷയം കൈകാര്യം ചെയ്യാൻ കോൺഗ്രസിനെ സാധിക്കൂ. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വട്ട പൂജ്യമായ സിപിഎമ്മിന് എങ്ങനെ ഒരു ദേശീയ വിഷയം കൈകാര്യം ചെയ്യാനാകുമെന്നും സുധാകരന്‍ പരിഹസിച്ചു.

Tags:    
News Summary - K. Sudhakaran said that the CPM seminar was a wet firecracker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.