രാഷ്ട്രീയ കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കാൻ ഖജനാവിലെ പണം സർക്കാർ ചെലവാക്കുന്നെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും രാഷ്ട്രീയ കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കാൻ ഖജനാവിലെ പണം സർക്കാർ ചെലവാക്കുന്നെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്‍റെ പൊതുകടം 13,500 കോടി രൂപയായി വർധിച്ചു. ലക്ഷം രൂപ കടവുമായാണ്​ ഓരോ കുഞ്ഞും ജനിക്കുന്നത്​. ഏത്​ സമയവും ജീവനക്കാരുടെ ശമ്പളംപോലും മുടങ്ങാവുന്ന അവസ്ഥയാണ്​. അതിനിടയിലും നികുതി വർധിപ്പിച്ച്​ ജനങ്ങളെ സർക്കാർ വെല്ലുവിളിക്കുകയാണ്​. നെല്ല്​ സംഭരിച്ച വകയിൽ കർഷകന്​ കോടികൾ കൊടുത്തുതീർക്കാനുണ്ട്​. അതിനിടയിലാണ്​ കാലുമാറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്​ അനാവശ്യ ചെലവുണ്ടാക്കുന്നത്​. കെ.വി. തോമസിന്​ നൽകിയ പുതിയ പദവി അതിന്​ തെളിവാണ്​. പാവപ്പെട്ടവരുടെ നികുതിപ്പണം ഇങ്ങനെ ചെലവഴിക്കുന്നതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി നിലപാട്​ വ്യക്തമാക്കണം.​

കഴിഞ്ഞ ഭരണത്തിൽ കൊട്ടിഗ്​ഘോഷിച്ച കിഫ്​ബി ഇന്ന്​ പുരപ്പുറത്ത്​ ഉണങ്ങാനിട്ടിരിക്കുന്ന അവസ്ഥയിലായി. ക്രിമിനൽ പൊലീസുകാരെ വെച്ച്​ ക്രിമിനൽ സർക്കാറാണ്​ സംസ്ഥാനം ഭരിക്കുന്നത്​. ഉന്നത പൊലീസ്​ ഉദ്യോഗസ്ഥരിൽ പലർക്കും അനധികൃത ബന്ധങ്ങളുണ്ട്​. മുഖ്യമന്ത്രിപോലും ആരോപണവിധേയനാണ്​. മകളുടെ ഐ.ടി കമ്പനിയുടെ സാമ്പത്തിക സ്രോതസ്സ്​​ വെളിപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണം. മൂന്ന്​ ഉന്നത​ സി.പി.എം നേതാക്കൾക്കെതിരെ സ്വപ്​ന സുരേഷ്​ ഗുരുതര ആരോപണം ഉന്നയിച്ചിട്ടും മാനനഷ്ടക്കേസ്​ നൽകാൻപോലും കഴിയുന്നില്ല. ഒരിക്കൽകൂടി സ്വപ്ന വായ തുറന്നാൽ തൂങ്ങി മരിക്കേണ്ടിവരുമെന്നതിനാലാണ്​ എല്ലാം അവർ സഹിക്കുന്നതെന്നും സുധാകരൻ പരിഹസിച്ചു.

സംസ്ഥാന പ്രസിഡന്‍റ്​ ചവറ ജയകുമാർ അധ്യക്ഷതവഹിച്ചു. എം. വിൻസെന്‍റ്​ എം.എൽ.എ, കെ.പി.സി.സി ഭാരവാഹികളായ ടി.യു. രാധാകൃഷ്ണൻ, ജി.എസ്.​ ബാബു, മുൻമന്ത്രി വി.എസ്.​ ശിവകുമാർ, ജോസഫ്​ വാഴയ്​ക്കൻ, എൻ. ശക്തൻ, ശരത്​ചന്ദ്രപ്രസാദ്​, അസോസിയേഷൻ ജന:സെക്രട്ടറി എം. ഉദയസൂര്യൻ, എ.എം. ജാഫർഖാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - K. Sudhakaran said that the internal government of the civil service is in power.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.