സോളാര്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ വിധി സഹായിക്കുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം :സോളാര്‍ കേസില്‍ മുന്‍മന്ത്രി കെ.ബി ഗണേഷ് കുമാര്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി സോളാര്‍ കേസിലെ ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്നും വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. കേരളം കാതോര്‍ത്തിരുന്ന വിധിയാണിത്.

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ നടത്തിയ മൃഗീയമായ സോളാര്‍ ഗൂഢാലോചനയിലെ കേന്ദ്രബിന്ദുവാണ് ഗണേഷ്‌കുമാര്‍. ഇതു സംബന്ധിച്ച് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ വിചാരണയില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഗണേഷ്‌കുമാര്‍ ഹൈക്കോടതിയിലെത്തിയത്.

ഹൈക്കോടതിയില്‍നിന്ന് കനത്ത തിരിച്ചടി കിട്ടിയെന്നു മാത്രമല്ല, ഉമ്മന്‍ ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ കേസ് മുന്നോട്ടു പോകണമെന്ന് ചൂണ്ടിക്കാട്ടുക കൂടി ചെയ്തു. നീണ്ടനാള്‍ വേട്ടയാടപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് നീതിയിലേക്കുള്ള കവാടം തുറന്നിട്ടതാണ് വിധിയെന്ന് സുധാകര്‍ അഭിപ്രായപ്പെട്ടു.

സ്വന്തം സ്വാർഥ താത്പര്യങ്ങള്‍ക്ക് കേരള രാഷ്ട്രീയത്തെ മലീമസമാക്കുകയും അതിന് ഉമ്മന്‍ ചാണ്ടിയെപ്പോലെയുള്ള നേതാവിനെ കരുവാക്കുകയും ചെയ്ത സാമൂഹികവിപത്താണ് ഗണേഷ്‌കുമാര്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി നിരപരാധികളെ കണ്ണീര്‍ കുടിപ്പിച്ച ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്. സിപിഎം പോലുള്ള പാര്‍ട്ടിക്കുപോലും അപമാനമായി മാറിയ ഇദ്ദേഹത്തെയാണ് മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന രീതിയല്‍ മാത്രമേ ഈ കൂട്ടുകെട്ടിനെ കാണാന്‍ കഴിയൂ. അല്പമെങ്കിലും നീതിബോധമോ, സാമൂഹിക ഉത്തരവാദിത്വമോ ഉണ്ടെങ്കില്‍ ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ എടുക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - K. Sudhakaran said that the verdict will help to expose the solar conspiracy.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.