‘കെ. സുധാകരൻ ഇടനിലക്കാരൻ വഴി സ്വാധീനിക്കാൻ ശ്രമിച്ചു’; വിഡിയോ പുറത്തുവിട്ട് പരാതിക്കാരൻ, നിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി പരാതിക്കാരൻ. തട്ടിപ്പുമായി ബന്ധപ്പെട്ട് സുധാകരന്റെ പേര് പറയരുതെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമാണ് തന്നെ കണ്ടതെന്ന് പരാതിക്കാരിൽ ഒരാളായ ഷമീർ ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടു. എന്നാൽ, ആരോപണം നിഷേധിച്ച് എബിൻ എബ്രഹാം രംഗത്തെത്തി.

പരാതിക്കാരായ അനൂപിനോടും ഷമീറിനോടും എബിൻ എബ്രഹാം സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 2021 ഒക്ടോബറിൽ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. മോൻസന്റെ വീട്ടിൽവച്ച് സുധാകരനെ കണ്ടിട്ടുണ്ടെങ്കിലും തട്ടിപ്പിൽ പങ്കില്ലെന്ന് പറയണമെന്നായിരുന്നു ആവശ്യമെന്നും ഇതിന് പ്രതിഫലമായി ചില കരാർ ജോലികൾ വാഗ്ദാനം ചെയ്തെന്നും ഷമീർ ആരോപിച്ചു. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് എസ്.പിക്ക് ഈ ദൃശ്യങ്ങൾ കൈമാറിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. പുതിയ അന്വേഷണ സംഘത്തിനും ദൃശ്യങ്ങൾ കൈമാറുമെന്ന് ഷമീർ അറിയിച്ചു.

മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി. അഹമ്മദ്, സലീം എടത്തിൽ, എം.ടി. ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് നോട്ടിസ് നൽകിയിരുന്നു. ജൂൺ 23ന് ഹാജരാകണമെന്നാണ് നിർദേശം. ഇതിനു പിന്നാലെ, സുധാകരൻ ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹരജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹരജി 21ന് വീണ്ടും പരിഗണിക്കും.

അതേസമയം, പരാതിക്കാരനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം എബിൻ എബ്രഹാം നിഷേധിച്ചു. സുധാകരന് വേണ്ടി താൻ ഇടനിലക്കാരനായിട്ടില്ലെന്നും കേസ് പിൻവലിക്കാൻ ജോലി വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ. സുധാകരനെ വേട്ടയാടാനാണ് ഇപ്പോഴത്തെ ശ്രമം. ഇപ്പോൾ പുറത്ത് വിട്ടെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നതാണ്. ഇവരുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എന്നാൽ, അന്നൊന്നും സുധാകരനെതിരെ വഞ്ചനാ കേസോ പരാതിയോ ഇല്ല. പിന്നെയെങ്ങനെ സ്വാധീനിക്കും. സുധാകരനൊപ്പം പലതവണ മോൻസന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും എബിൻ എബ്രഹാം സമ്മതിച്ചു. സുധാകരനെതിരെ 164 മൊഴി നൽകിയ ആളുടെ അക്കൗണ്ടിൽ പരാതിക്കാർ പൈസ ഇട്ടിട്ടുണ്ടെന്നും പരാതിക്കാർ തമ്മിൽ പണത്തെച്ചൊല്ലി കേസുണ്ടെന്നും എബിൻ ആരോപിച്ചു.

Tags:    
News Summary - ‘K. Sudhakaran tried to influence'; The complainant released the video, the Youth Congress leader denied it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.