ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം :സര്‍ക്കാര്‍ ജീവനക്കാരെ മുച്ചൂടും ദ്രോഹിക്കുന്ന ജീവാനന്ദം പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സര്‍ക്കാര്‍ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്ന പിണറായി സര്‍ക്കാരിന്റെ നടപടികളുടെ തുടര്‍ച്ച മാത്രമാണ് ഈ പദ്ധതി. സംസ്ഥാനത്തിന്റെ മോശം സാമ്പത്തികസ്ഥിതി മറികടക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ ഭരണത്തിന് ഭൂഷണമല്ല.

പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് നിരവധി ആശങ്കകളുണ്ട്. പദ്ധതി നിര്‍ബന്ധിതമല്ലെന്ന് ധനമന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും കാര്യമായ കൂടിയാലോചന ഇല്ലാതെയാണ് സര്‍ക്കാര്‍ ജീവാനന്ദം പദ്ധതിക്ക് രൂപം നല്‍കിയത്. ജീവനക്കാരുടെ പ്രതികരണമെന്തായിരിക്കുമെന്ന് അറിയാനുള്ള ടെസ്റ്റ് ഡോസായിരുന്നോ ഈ ഉത്തരവെന്നും സംശയമുയര്‍ന്നിട്ടുണ്ട്. പ്രതികരണം പ്രതികൂലമായപ്പോള്‍ ഇത് നിര്‍ബന്ധിത പദ്ധതിയല്ല എന്ന വിശദീകരണം നല്‍കുകയാണ്.

എട്ടുവര്‍ഷത്തെ ഭരണത്തില്‍ ഡി.എ കുടിശിക, പേ റിവിഷന്‍ കുടിശ്ശിക, ലീവ് സറണ്ടര്‍ ഉള്‍പ്പെടെ നല്‍കാതെ പതിനഞ്ച് മാസത്തെ ശമ്പളത്തിന് തുല്യമായ തുക നിലവില്‍ സര്‍ക്കാര്‍ പിടിച്ച് വെച്ചിരിക്കുകയാണ്. ഇതിനെല്ലാം പുറമെ പി.എഫ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, പങ്കാളിത്ത പെന്‍ഷന്‍, മെഡിസെപ് തുടങ്ങിയവക്ക് ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നല്ലൊരു തുക പിടിക്കുന്നുണ്ട്. എന്നിട്ടും ജീവനക്കാരുമായി കൂടിയാലോചന പോലും നടത്താതെ ഈ പദ്ധതി നടപ്പാക്കുന്നതിന് പിന്നിലെ ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്.

സര്‍ക്കാര്‍ ജീവനക്കാരില്‍ നല്ലൊരു ശതമാനവും സാമ്പത്തിക ബാധ്യതയില്‍പ്പെട്ട് നട്ടം തിരിയുന്നവരാണ്. ഇപ്പോള്‍ നിര്‍ബന്ധിതമല്ലെന്ന് പറഞ്ഞ് നടപ്പാക്കുന്ന ജീവാനന്ദം പദ്ധതി ഭാവിയില്‍ അങ്ങനെയല്ലാത്ത സ്ഥതിയുണ്ടായാല്‍ ജീവനക്കാരുടെ ജീവിതം കൂടുതല്‍ ദുരിത്തിലാകും. അതിനാല്‍ സര്‍വീസ് സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി ഈ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പൂർണമായും പിന്മാറണം. ജീവനക്കാരുടെ കീശ കവര്‍ന്നല്ല സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K. Sudhakaran will not allow the Jeevanandam project to be implemented.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.