പ്രസംഗത്തിലെ ചില വാക്കുകൾ അടർത്തിയെടുത്ത് ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡന്റും നഗരസഭ കൗൺസിലറുമായ ലിജേഷിനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
പ്രസംഗത്തിന്റെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്. സി.പി.എം നേതാക്കൾ നടത്തിയ പ്രകോപന പ്രസംഗങ്ങളാണ് കേരളത്തിലെ പല രാഷ്ട്രീയ കൊലപാതകങ്ങൾക്കും കാരണമായത്. ലിജേഷിന്റെ ജനപ്രീതിയിൽ വിറളിപൂണ്ട സി.പി.എം നേതൃത്വം അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ്.
ബി.ജെ.പി മണ്ഡലം പ്രസിഡന്റാണ് സി.പി.എം പ്രവർത്തകന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കൊല നടന്ന് പ്രതികളെ പിടികൂടുന്നതിന് മുമ്പ് ഗൂഡാലോചന തെളിയിക്കുന്നത് വിചിത്രമായ കാര്യമാണ്.
പൊലീസിനെ ഉപയോഗിച്ച് ബി.ജെ.പിയുടെ സംഘടനാ പ്രവർത്തനം തടയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ഭരണകൂട ഫാഷിസത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ബഹുജനങ്ങളെ അണിനിരത്തി സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനത്തിനെതിരെ സമരം തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.