തൃശ്ശൂർ: അഴിമതി കേസിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയും സർക്കാരും ഖജനാവിലെ പണം ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്രയും ഗതികെട്ട സർക്കാർ ലോകത്ത് എവിടെയും ഉണ്ടാവില്ല. ഈ ഭരണത്തിന് കീഴിൽ ഏറ്റവും നിർഭാഗ്യവാൻമാരായി മലയാളികൾ മാറിയെന്നും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ സുരേന്ദ്രൻ പറഞ്ഞു.
'സ്വർണക്കടത്ത് കേസിൽ അഴിമതിക്കാർക്ക് വേണ്ടി ഹാജരാവുന്ന കപിൽ സിബലിന് ഒരു സിറ്റിങ്ങിന് പതിനഞ്ചര ലക്ഷം രൂപയാണ് സർക്കാർ ഖജനാവിൽ നിന്നും നൽകുന്നത്. നിങ്ങൾ നടത്തിയ അഴിമതിക്ക് കുടപിടിക്കാൻ എന്തിനാണ് പൊതുജനങ്ങളുടെ പണം എടുക്കുന്നത്? അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ക്രൂരമായി കൊല ചെയ്ത കേസിൽ ഒരു രൂപ പോലും സർക്കാർ ചിലവഴിക്കുന്നില്ല.
ഇതിന് അവസാനം കുറിക്കാൻ ദേശീയ ജനാധിപത്യ സഖ്യത്തിന് മാത്രമേ സാധിക്കുകയുള്ളൂ. കോൺഗ്രസ് ഇടതുപക്ഷത്തിൻ്റെ അഴിമതിക്ക് കൂട്ടുനിൽക്കുകയാണ്. ഗവർണർക്കെതിരെ കോൺഗ്രസും സിപിഎമ്മും പരസ്യ സഖ്യത്തിലാണ്.
എന്നാൽ, നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വികസന രംഗത്ത് രാജ്യം മുന്നേറുകയാണ്. ജനക്ഷേമ നയങ്ങളും അഴിമതി രഹിത ഭരണവുമാണ് മോദി സർക്കാരിൻ്റെ പ്രത്യേകത. കോവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് കേന്ദ്രസർക്കാരാണ്. ലോകത്ത് ഏറ്റവും ബൃഹത്തായ വാക്സിനേഷൻ പദ്ധതി മോദി സർക്കാർ നടപ്പിലാക്കി. വൈകുന്നേരം 6 മണിയുടെ തള്ളല്ലാതെ സംസ്ഥാന സർക്കാർ ജനങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ല. 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങി അഴിമതി നടത്തിയതാണ് സംസ്ഥാന സർക്കാരിൻ്റെ നേട്ടം' -കെ.സുരേന്ദ്രൻ പറഞ്ഞു.
പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡൻറ് കെ.കെ അനീഷ്കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ ജനറൽ സെക്രട്ടറി ജെസ്റ്റിൻ ജേക്കബ്ബ്, സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡൻറ് നിത്യ സാഗർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.