കൊച്ചി: ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത രാജ്ഭവൻ മാർച്ചിൽ സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും പങ്കെടുപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഫയൽ ചെയ്ത ഹരജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
ഗവർണർക്കെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവന് മുന്നിലെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. എൽ.ഡി.എഫ് നേരിട്ടല്ലെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഒരു ലക്ഷം പേർ സമരത്തിൽ പങ്കെടുക്കുമെന്ന് സംഘാടകൾ അവകാശപ്പെടുന്നു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. ഡി.എം.കെ നേതാവ് തിരുച്ചി ശിവ എം.പി അടക്കം ദേശീയ നേതാക്കൾ പങ്കെടുക്കും. ജില്ല കേന്ദ്രങ്ങളിലും ചൊവ്വാഴ്ച വിദ്യാഭ്യാസ സംരക്ഷ കൂട്ടായ്മ സംഘടിപ്പിക്കും.
തലസ്ഥാന ജില്ലയിലെ പ്രവർത്തകരാണ് രാജ്ഭവന് മുന്നിൽ സമരത്തിനെത്തുക. സമരം കണക്കിലെടുത്ത് രാജ്ഭവന് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഗവർണർ മൂന്നു ദിവസമായി തലസ്ഥാനത്തില്ല. നവംബർ 20ന് മാത്രമേ അദ്ദേഹം മടങ്ങിയെത്തുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.