'സമ്മർദത്തിന് വഴങ്ങിയത് തികഞ്ഞ ഭീരുത്വം'; ശ്രീറാമിനെ മാറ്റിയതിൽ പ്രതിഷേധവുമായി കെ. സുരേന്ദ്രൻ

കോഴിക്കോട്: കനത്ത പ്രതിഷേധമുയർന്നതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ നടപടിയെ വിമർശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയെന്ന് സുരേന്ദ്രൻ പറഞ്ഞു.

'മാധ്യമപ്രവർത്തകനായിരുന്ന ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസ്സിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ കോടതി ഏതു ശിക്ഷ വിധിച്ചാലും കേരളത്തിൽ ആരും അതിനെതിരെ രംഗത്തുവരുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ കലക്ടറായി നിയമിക്കേണ്ടിയിരുന്നോ എന്ന കാര്യത്തിലും തർക്കമുന്നയിക്കാൻ നമ്മുടെ നാട്ടിൽ അവകാശമുണ്ട്. എന്നാൽ അദ്ദേഹത്തിനെ കലക്ടറായി നിയമിച്ച ശേഷം ഒരു വിഭാഗം ആളുകളുടെ സമ്മർദ്ദത്തിനു വഴങ്ങി തീരുമാനം പിൻവലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയി. സംഘടിത ശക്തികൾക്കുമുന്നിൽ സർക്കാർ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നൽകുന്നത്. സർവിസിൽ തിരിച്ചെടുത്തയാളെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവർ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ പാടില്ലായിരുന്നു' -കെ. സുരേന്ദ്രൻ പറഞ്ഞു.

ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സർക്കാർ ഉത്തരവിറക്കിയത്. പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയാണ് ആലപ്പുഴയിലെ പുതിയ കലക്ടർ. സിവിൽ സ​ൈപ്ലസ് ജനറൽ മാനേജരായാണ് ശ്രീറാം വെങ്കിട്ടരാമന്റെ പുതിയ നിയമനം. സപ്ലൈകോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിൻ്റെ ഭാര്യയായ രേണുരാജ് കഴിഞ്ഞ ദിവസമാണ് എറണാകുളം ജില്ല കലക്ടറായി ചുമതലയേറ്റത്.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീർ. മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ചിരുന്ന കാർ ബഷീറിന് മേലെ പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടം നടന്ന ശേഷം തെളിവ് നശിപ്പിക്കാനും രക്ത പരിശോധന വൈകിപ്പിക്കാനും ശ്രീറാമും ഉദ്യോഗസ്ഥ ലോബിയും നടത്തിയ ഇടപെടലുകൾ വിവാദമായിരുന്നു.

തെളിവ് നശിപ്പിക്കാനടക്കം ഇടപെടലുകൾ നടത്തിയയാളെ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കലക്ടറുടെ പദവിയിൽ നിയമിച്ച സർക്കാർ നടപടിക്കെതി​രെ യു.ഡി.എഫും രംഗത്തെത്തിയിരുന്നു. കലക്ടറെ മാറ്റും വരെ സമരം നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് ശ്രീറാമി​നെ കലക്ടർ സ്ഥാനത്തു നിന്നും മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. 

Tags:    
News Summary - K surendran facebook post on Sreeram venkitaramans removal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.