തിരുവനന്തപുരം: ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ചതിലൂടെ വിവാദനായികയായി മാറിയ നൃത്താധ്യാപിക സത്യഭാമ ബി.ജെ.പിക്കാരിയല്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്‍റെ പാർട്ടിയിൽ അങ്ങനെയൊരാളില്ല. ഞാൻ അധ്യക്ഷനായപ്പോൾ അങ്ങനെയൊരാൾ അംഗത്വമെടുത്തിട്ടില്ല. 2019ലേത് പഴയ കാര്യമാണ്. സത്യഭാമ സി.പി.എമ്മുകാരിയാണ്. സി.പി.എം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ളയുടെ കയ്യിൽ നിന്ന് സത്യഭാമ അംഗത്വം സ്വീകരിക്കുന്ന ചിത്രവും കുറിപ്പും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു സുരേന്ദ്രന്‍റെ മറുപടി. 'ഒന്നാന്തരം സഖാത്തിയാണ് സത്യഭാമ. മെമ്പർഷിപ്പ് പരിപാടിയിൽ ഞാൻ പങ്കെടുത്തിട്ടില്ല. എന്‍റെ കാലത്ത് അംഗത്വം എടുത്തിട്ടില്ല. 2020-ൽ ആണ് ഞാൻ അധ്യക്ഷനായത്. 2019-ൽ ബി.ജെ.പി അംഗത്വം എടുത്തയാൾക്ക് എന്തിനാണ് സി.പി.എം ബ്രാഞ്ച് കമ്മിറ്റി കത്ത് കൊടുക്കുന്നത്. സി.പി.എം ആണെന്ന് ബോധ്യപ്പെട്ടതു കൊണ്ടല്ലേ കത്ത് കൊടുത്തത്' -സുരേന്ദ്രൻ ആരോപിച്ചു.
സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിച്ച ഫേസ്ബുക് പോസ്റ്റ് കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ ഔദ്യോഗിത പേജിൽ നിന്ന് ഒഴിവാക്കിയിരുന്നു. മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നുമാണ് സത്യഭാമ അന്ന് അംഗത്വം സ്വീകരിച്ചത്. എ.പി. അബ്ദുല്ലക്കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഒ. രാജഗോപാല്‍, എം.ടി. രമേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയിൽ പങ്കെടുത്തിരുന്നു. 2019 ജൂലൈ ആറിനാണ് ഇതുസംബന്ധിച്ച് ബി.ജെ.പി കേരളം ഫേസ്ബുക് പോസ്റ്റിട്ടത്. സത്യഭാമയുടെ പ്രസ്താവന വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. എന്നാൽ, പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.