സി.പി.എമ്മിന്റെ തകർച്ചക്ക് കാരണം മുസ്ലിം പ്രീണനമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വൻതോൽവിക്ക് കാരണം സി.പി.എമ്മിന്റെ നഗ്നമായ മുസ്ലിം പ്രീണനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹമാസ് അനുകൂലവും സി.എ.എ വിരുദ്ധവുമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം നടത്തിയത്. ഭരണപരാജയവും അഴിമതിയും മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ വർഗീയ പ്രചരണം നടത്തിയത്. മുഖ്യമന്ത്രിയുടെ വിഷലിപ്തമായ വാക്കുകൾ കേരളീയ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ളതായിരുന്നു. എന്നാൽ സി.പി.എമ്മിൻ്റെ പ്രചരണം കോൺഗ്രസ് ഏറ്റെടുക്കുകയും ചെയ്തു.

സി.പി.എം വിതച്ചതാണ് ഇപ്പോൾ കോൺഗ്രസ് കൊയ്തത്. ഭാവിയിൽ അത് മതതീവ്രവാദികൾക്കാണ് ഗുണം ചെയ്യുക. നരേന്ദ്രമോദി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉയർത്തിയാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ സമീപിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിന് ലഭിച്ചത് പൊസിറ്റീവ് വോട്ടുകളാണ്. സി.പി.എമ്മിൻ്റെ മുസ്ലിം പ്രീണനത്തിനെതിരെ സി.പി.എമ്മിലെ ഭൂരിപക്ഷ വിഭാഗത്തിൽപ്പെട്ട അണികൾ വ്യാപകമായി ബി.ജെ.പിക്ക് വോട്ടു ചെയ്തു.

സി.പി.എം പാർട്ടി ഗ്രാമങ്ങളിൽ ബി.ജെ.പി വൻമുന്നേറ്റമുണ്ടാക്കിയത് ഇതിൻ്റെ പ്രതിഫലനമാണെന്ന് വ്യക്തമാണ്. വർഗീയ പ്രീണനം സി.പി.എം തുടരുമെന്നതിൻ്റെ ഉദാഹരണമാണ് രാജ്യസഭാ സ്ഥാനാർത്ഥി നിർണയം. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മും കോൺഗ്രസും മുസ്ലിം മതമൗലികവാദികളുടെ വോട്ടിന് വേണ്ടി മത്സരിക്കുമെന്ന കാര്യം ഉറപ്പാണ്. സി.പി.എം തിരുത്തലുകൾക്ക് വിധേയമാവുമെന്നത് അവരുടെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - K. Surendran says that the reason for the downfall of CPM is Muslim favoritism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.