തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും പരമോന്നത നീതിപീഠത്തെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്‍ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പരാതി നൽകി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അപകടപ്പെടുത്താനുള്ള വിദേശ നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണ് പ്രദര്‍ശനം അനുവദിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്. രണ്ടു ദശകം മുമ്പ് നടന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത് മതസ്പര്‍ധ വളര്‍ത്താൻ ലക്ഷ്യമിട്ടാണെന്നത് വ്യക്തമാണ്.
കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കുവാനായി ബോധംപൂർവം ചിലർ നടത്തുന്ന ഇത്തരം രാജ്യദ്രോഹ പ്രവർത്തനങ്ങൾ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കെ. സുരേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടു.
ഭാരതത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അപമാനിക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററിയുടെ പ്രദർശനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ അഖണ്ഡതക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്‍റെ ഭാഗമാണെന്ന് സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ ആരോപിച്ചു.
കാമ്പസുകളിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കും. ഡോക്യുമെന്‍ററി പ്രദർശനത്തിന് അനുമതി നൽകരുത്. സംസ്ഥാനത്തിന്‍റെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കും പ്രഫുൽകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.