തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ സൗകര്യങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തുമ്പോഴും സ്വിഫ്റ്റ് ബസുകളുടെ ടിക്കറ്റ് റിസർവേഷന്‍ പ്രത്യേകം വെബ്സൈറ്റ് ഏർപ്പെടുത്തിയ പരീക്ഷണം പാളുന്നു. കെ.എസ്.ആർ.ടി.സി വെബ്സൈറ്റ് വഴിതന്നെ സ്വിഫ്റ്റിനും റിസർവേഷൻ ഏർപ്പെടുത്താമെന്നിരിക്കെയാണ് ഉപഭോക്തൃസൗഹൃദമല്ലാത്ത പുതിയ പരീക്ഷണം.
ഇതോടെ മൊത്തം ടിക്കറ്റ് റിസർവേഷനിലും വലിയ ഇടിവുണ്ടായി. ഇതാകട്ടെ സ്വകാര്യ സർവിസുകൾക്കാണ് സഹായകമാകുന്നതും.
കെ.എസ്.ആർ.ടി.സി ബുക്കിങ് സൈറ്റായ ‘online.keralartc.com’ ആണ് യാത്രക്കാർക്ക് സുപരിചിതം. ദിവസേന പതിനായിരത്തിലധികം യാത്രക്കാരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. സ്വിഫ്റ്റ് തുടങ്ങിയ സമയത്ത് ഈ സൈറ്റ് വഴിയായിരുന്നു ബുക്കിങ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വിഫ്റ്റിന് മാത്രമായി onlineksrtcswift.com എന്ന വെബ്സൈറ്റ് ഏർപ്പെടുത്തിയത്.
വെബ്സൈറ്റ് തുടങ്ങിയ കാര്യം യാത്രക്കാരെ അറിയിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതോടെ ബസുകൾക്കായി കെ.എസ്.ആർ.ടി.സി സൈറ്റിൽ തിരഞ്ഞശേഷം സമയത്തിന് കിട്ടാഞ്ഞ് ആളുകൾ സ്വകാര്യബസുകൾക്ക് പിന്നാലെ പോയി. കെ.എസ്.ആർ.ടി.സി വെബ്സൈറ്റ് വഴി പതിവായി ബുക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് ബസ് ബുക്കിങ് ലിസ്റ്റിൽനിന്ന് കാണാതായതോടെ നേരിട്ട് ഡിപ്പോയിലെത്തി കാര്യമന്വേഷിച്ചപ്പോഴാണ് വെബ്സൈറ്റ് മാറിയ വിവരം പലരും അറിയുന്നത്.
സ്വിഫ്റ്റ് വെബ്സൈറ്റിലാകട്ടെ കെ.എസ്.ആർ.ടി.സി ബസ് സൂചനകളും ലിങ്കുകളും ഉൾപ്പെടുത്താമെന്നിരിക്കെ അതിന് തയാറായതുമില്ല. ഫലത്തിൽ സ്വിഫ്റ്റ് സൈറ്റിൽ കയറിയവർ സൗകര്യപ്രദമായ ബസ് കിട്ടാഞ്ഞ് സ്വകാര്യബസുകളുടെ സൈറ്റുകളിലേക്ക് പോയി. ഇതേസമയത്ത് കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിട്ടും യാത്രക്കാരെ നഷ്ടപ്പെടുന്ന സാഹചര്യം.
സാധാരണ ഇത്തരം ഘട്ടങ്ങളിൽ പഴയ വെബ്സൈറ്റില്‍ വരുന്ന സേർച്ചുകൾ പുതിയ വെബ്സൈറ്റിലേക്കുകൂടി തിരിച്ചുവിടുകയാണ് പതിവ്. ബുക്കിങ് നടപടികൾ രണ്ട് വെബ്സൈറ്റുകളിലും നടക്കും.
ഇതേ രീതിയില്‍ സ്വിഫ്റ്റിന് ലഭിക്കുന്ന സേർച്ചുകൾ കെ.എസ്.ആര്.ടി.സിയിലേക്കും കൈമാറാനാകും. നിശ്ചിത സമയത്തേക്ക് ഈ ക്രമീകരണം തുടർന്നിരുന്നെങ്കിൽ യാത്രക്കാരെ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.