ലോക കേരള സഭയുടെ തുടര്‍ച്ചയെന്ന നിലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു. കുടുംബശ്രീ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍മാരുടെ സംസ്ഥാനതല സംഗമവും ജെന്‍ഡര്‍ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിലവില്‍ കേരളത്തിലെ പ്രവാസികളെ സംബന്ധിച്ച് സര്‍ക്കാരിെൻറ പക്കല്‍ കണക്കുകളില്ല. കൃത്യമായ കണക്കുകള്‍ ലഭിക്കുന്നതിനാണ് സര്‍വേ നടത്തുന്നത്. ലൈഫ് സര്‍വേയും അഗതി രഹിത സര്‍വേയും കുടുംബശ്രീ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി എല്ലാ സി. ഡി. എസുകള്‍ക്കും കീഴില്‍ ആറു മാസത്തിനകം ഒരു സൂപ്പര്‍ മാര്‍ക്കറ്റ് വീതം ആരംഭിക്കണം. ഒപ്പം പ്രധാന പട്ടണങ്ങളിലും അര്‍ദ്ധനഗര സ്വഭാവമുള്ള സ്ഥലങ്ങളിലും കുടുംബശ്രീ സൂപ്പര്‍ മാര്‍ക്കറ്റുകളും ജില്ലകളില്‍ ഒന്നു വീതം വിവാഹ പൂര്‍വ കൗണ്‍സലിംഗ് കേന്ദ്രങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉടന്‍ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ലേബര്‍ സൊസൈറ്റികള്‍ രൂപീകരിച്ച് കുടുംബശ്രീകള്‍ക്ക് ഇതിന്റെ ഭാഗമാകാം. വിദ്യാസമ്പന്നരായ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാന്‍ സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ശ്രദ്ധിക്കണം. ഒരു കുടുംബത്തില്‍ നിന്ന് കുടുംബശ്രീ അംഗത്തിനൊപ്പം വിദ്യാസമ്പന്നയായ ഒരു പെണ്‍കുട്ടിയെക്കൂടി അംഗമാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡോക്ടര്‍മാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായി വരണം. ഇത്തരക്കാരെ ഒരുമിപ്പിച്ച് ഷീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത് പരിഗണിക്കണം. പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നവര്‍ ജീവനക്കാരെ തേടി കുടുംബശ്രീയെ സമീപിക്കുന്ന സ്ഥിതിയുണ്ടാവണം. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കായി ഷീ ലോഡ്ജുകളും ഹോമുകളും ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവും. ഇത്തരത്തിലുള്ള ലോഡ്ജുകളും കെട്ടിടങ്ങളും വാടകയ്‌ക്കെടുത്ത് കുടുംബശ്രീയ്ക്ക് താമസസൗകര്യം ഒരുക്കാനാവും. സ്‌നേഹിത ഓഫീസുകളില്‍ നിയമസഹായം ലഭ്യമാക്കുന്നതിന് ഒരു അഭിഭാഷകയെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും വിദേശ രാജ്യങ്ങള്‍ക്കും കേരളത്തിലെ കുടുംബശ്രീ മാതൃകയായിക്കൊണ്ടിരിക്കുകയാണ്. അച്ചാറും അച്ചപ്പവും തയ്യാറാക്കുക മാത്രമല്ല, പറക്കാനനുവദിച്ചാല്‍, ആകാശത്തിന് അതിരുകള്‍ നിശ്ചയിക്കാതിരുന്നാല്‍, ലോകത്തിെൻറ ഏതറ്റം വരെ പോയി കാര്യങ്ങള്‍ നടത്താനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് കുടുംബശ്രീ തെളിയിച്ചതായി മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജനറല്‍ ബോഡി അംഗം സി.എസ്. സുജാത മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വാര്‍ഡ് കൗണ്‍സലര്‍ അയ്ഷ ബേക്കര്‍, പ്രോഗ്രാം ഓഫീസര്‍ പ്രമോദ് കെ.വി, ജ്വാല പുരസ്‌കാര ജേതാവ് യാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീയുടെ വിവിധ പുരസ്‌കാരങ്ങള്‍ മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.