കോഴിക്കോട്: വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ ഒളിപ്പിച്ചത് സി.പി.എം നേതാവിന്‍റെ വീട്ടിലെന്ന് കോൺഗ്രസ്. വിദ്യയെ ഒളിപ്പിച്ചവരെയും പിടികൂടാൻ പൊലീസ് തയാറാകണമെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷൻ കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു.
പ്രതി ഒളിവിൽ പോയത് പൊലീസിന്റെയും സി.പി.എമ്മിന്‍റെയും ഒത്താശയോട് കൂടിയാണ്. വിദ്യയെ ഒളിപ്പിച്ചതിന് പിന്നിൽ വൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ഒളിപ്പിച്ച ആളെ മാത്രം പൊലീസ് പിടികൂടുന്നില്ല. ഇതാരാണെന്ന് പൊലീസ് പറയുന്നില്ല. വിദ്യയെ ഒളിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെന്നും ഡി.സി.സി അധ്യക്ഷൻ വ്യക്തമാക്കി.
ജോലി നേടാൻ വ്യാജ പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ ഒളിവിലായിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഇന്നലെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മേപ്പയൂർ സ്റ്റേഷൻപരിധിയിലെ ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാത്രി ഏഴോടെ അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. മേപ്പയൂർ പൊലീസിനെ വിവരമറിയിക്കാതെയായിരുന്നു അഗളി പൊലീസിന്റെ നടപടി.
വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചതാണ്. ജൂൺ ആറിനാണ് വിദ്യക്കെതിരെ അഗളി പൊലീസ് കേസെടുത്തത്. തുടർന്ന് ഇവർ ഒളിവിലായിരുന്നു. വിദ്യ കോഴിക്കോട് ഉണ്ടെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി അഗളി പൊലീസ് തിരച്ചിൽ തുടരുകയായിരുന്നു.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്.ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലെക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.