കോഴിക്കോട്: ആവർത്തിച്ച് പ്രചരിപ്പിക്കുന്ന നുണകൾ സത്യമായും ചരിത്രമായും ചിത്രീകരിക്കപ്പെടുന്ന ഈ കാലത്ത് യഥാർഥ സത്യം വിളിച്ചുപറയേണ്ട ബാധ്യത എഴുത്തുകാർക്കാണെന്ന് കഥാകാരിയും സാമൂഹിക പ്രവർത്തകയുമായ സി.എസ്. ചന്ദ്രിക. മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ കെ.എ. കൊടുങ്ങല്ലൂർ-മാധ്യമം സാഹിത്യ പുരസ്കാരം ദേവദാസ് വി.എമ്മിന് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അവർ.
ഫാഷിസം അധികാരത്തിൽ തുടരുന്ന കാലത്ത് എത്ര എഴുത്തുകാർ ജയിലിലേക്ക് പോകുമെന്നതും എത്രകാലം സ്വതന്ത്ര മാധ്യമപ്രവർത്തനം നടക്കുമെന്നതും ആശങ്കപ്പെടുത്തുന്ന ചോദ്യമാണ് - ചന്ദ്രിക പറഞ്ഞു. വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരും എഴുത്തുകാരനുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണക്കായി മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ദേവദാസിന്റെ 'കീഴ് ക്കാം തൂക്ക്' എന്ന കഥയാണ് അർഹമായത്.
പ്രശസ്തിപത്രം മാധ്യമം എഡിറ്റർ വി.എം. ഇബ്രാഹിം കൈമാറി. യു.കെ. കുമാരൻ കൊടുങ്ങല്ലൂർ അനുസ്മരണം നടത്തി. അവാർഡിന് അർഹമായ കഥയും കഥാകാരനെയും പി.കെ. പാറക്കടവ് പരിചയപ്പെടുത്തി. ദേവദാസ് വി.എം. മറുപടി പ്രസംഗം നിർവഹിച്ചു. റിക്രിയേഷൻ ക്ലബ് പ്രസിഡന്റ് റഹ്മാൻ കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ, എൻ. രാജീവ്, പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
എം. കുഞ്ഞാപ്പ സ്വാഗതവും കെ.ടി. സദറുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.