തിരുവനന്തപുരം: കനകക്കുന്നിൽ ഒരുക്കിയ കേരളീയം പരിപാടിയിൽ ആദിവാസി യുവാക്കളെ മുഖത്ത് പെയിന്റടിച്ച് ഇരുത്തിയതിനെ കുറിച്ച് വിമർശനമുയർന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എ. ഷാജി. വംശവെറി നിറഞ്ഞ മലയാള സിനിമയിലെ രംഗമല്ല ഇതെന്നും കേരളീയത്തിലെ സാംസ്കാരിക പരിപാടിയിലെ ദൃശ്യമാണിതെന്നുമാണ് കെ.എ ഷാജി പറയുന്നത്. ഫോക്ക്ലോർ അക്കാദമിയിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂലിയും ചെലവും കൊടുത്താണ് ഇവരെ ഇങ്ങനെ ഇരുത്തിയിരിക്കുന്നതെന്നും നവോത്ഥാന സെൽഫികളിലെ ഏറ്റവും വലിയ അശ്ലീലതയാണ് ഫോക്‌ലോർ അക്കാദമിയിലെ വംശവെറിയർ ഉറപ്പു വരുത്തുന്നതെന്നും കുറിപ്പിൽ വിമർശിക്കുന്നുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
മലയാളത്തിലെ ഏറ്റവും വംശവെറി നിറഞ്ഞ സിനിമയായ രാമസിംഹൻ അലി അക്ബറിന്റെ ബാംബൂ ബോയ്‌സിലെ രംഗമാണിത് എന്ന് തെറ്റിദ്ധരിച്ച് അയാളെ തെറി വിളിക്കാൻ വരുന്നവർ ഒരു നിമിഷം ശാന്തരായി കേൾക്കണം.
ഇടതുപക്ഷ പുരോഗമന സർക്കാർ കേരളീയം എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് ഇടുക്കിയിലെ ഈ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് ഇങ്ങനെ ഇരുത്തിയിരിക്കുന്നത്.
നാളെയും കൂടി അവരിങ്ങനെ ഇരിക്കണം.
ഫോക്ക്ലോർ അക്കാദമിയിലെ മുന്തിയ യജമാനന്മാരുടെയും കരനാഥന്മാരുടെയും ബുദ്ധിയാണ്. എല്ലാ ചെലവും താമസവും കൊടുക്കും.
പിന്നെ ദിവസം ആയിരം രൂപയോളം കൂലിയും. തൊട്ടടുത്ത കാഴ്ച ബംഗ്ലാവിൽ വന്യമൃഗങ്ങളെ കണ്ടിട്ട് വരുന്ന പണവും അധികാരവും അഹങ്കാരവും ഉള്ള നഗര ജീവികൾ അതെ ലാഘവത്തോടെ ഇവരെയും കാണുന്നു.
അവർക്കടുത്തുനിന്ന് ഫോട്ടോ എടുക്കുന്നു.
മഹത്തായ എന്തോ കാര്യം സാധിച്ചത് പോലെ നിർവൃതി അടയുന്നു.
ആദിവാസികളെ മ്യൂസിയം പീസാക്കി നടത്തുന്ന ഈ കോമാളിത്തത്തിൽ മൊത്തം അഞ്ചുജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി വിഭാഗങ്ങളെ പ്രദർശനത്തിന് വച്ചിരിക്കുകയാണ്.
സർക്കാരിനെ കുറ്റം പറയുന്നില്ല. ഏതോ പരിമിതവിഭവരായ ഉദ്യോഗസ്ഥരുടെ ഭാവനയാകാം. പക്ഷെ ഇത് കണ്ടിട്ട് ഒരമ്പരപ്പും തോന്നാത്ത മാധ്യമ പ്രവർത്തകർ, എഴുത്തുകാർ, സാംസ്‌കാരിക നായകർ, സാമൂഹിക പരിഷ്ക്കർത്താക്കൾ, വിപ്ലവകാരികൾ എന്നിവരെ ഓർക്കുമ്പോൾ ശരിക്കും സങ്കടമുണ്ട്.
മനുഷ്യരെ തുല്യരായി കാണാതെ മ്യൂസിയം പീസായി വച്ച് പ്രദർശനം നടത്തുന്ന കേരള നവോത്ഥാനം.
നവോത്ഥാന സെൽഫികളിലെ ഏറ്റവും വലിയ അശ്ലീലതയാണ് ഫോക്‌ലോർ അക്കാദമിയിലെ വംശവെറിയർ ഉറപ്പു വരുത്തുന്നത്.
ഈ പോസ്റ്റ് കാണുന്ന എല്ലാവരോടുമായി ചോദിക്കട്ടെ. ഈ ചിത്രം കാണുമ്പൊൾ നിങ്ങൾക്ക് ഒന്നും തോന്നുന്നില്ലേ?
തോന്നുന്നുണ്ടെങ്കിൽ ഒരു കമന്റ് എങ്കിലും ഇതിന് ചുവട്ടിൽ ഇടുക.
ഒരു വല്ലായ്മ എങ്കിലും തോന്നുന്നുവെങ്കിൽ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.