തൃശൂർ: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കടത്തിയിരുന്ന പണം കൊടകരയിൽ കൃത്രിമ അപകടമുണ്ടാക്കി തട്ടിയെടുത്ത കേസിൽ പ്രതിപ്പട്ടികയിൽ ഉൾപെടാതിരിക്കാനുള്ള നീക്കം സജീവം. പ്രതികളിൽനിന്ന് പണം കൈപ്പറ്റിയവരിൽ ചിലർ പൊലീസിനെ തിരിച്ചേൽപിച്ചു. ആദ്യം നിഷേധിച്ചവരാണ് പിന്നീട് പണമെത്തിക്കുന്നത്. തിരിച്ചേൽപിച്ചില്ലെങ്കിൽ പ്രതിപ്പട്ടികയിൽ ഇടം നേടുമെന്ന പൊലീസിെൻറ മുന്നറിയിപ്പിലാണ് പണം തിരിച്ചേൽപിച്ചു തുടങ്ങിയത്. എന്നാൽ, പലരും തിരിച്ചേൽപിച്ചിട്ടില്ല, അവരെ കൂട്ടുപ്രതിയാക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കുള്ള പണം പാർട്ടി നേതാക്കളുടെ അറിവോടെ കൃത്രിമ അപകടമുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നു. രേഖകളില്ലാത്ത പണമായതിനാൽ എത്ര തുകയാണ് വാഹനത്തിൽ ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. അറസ്റ്റിലായവർ പലരും അവർക്ക് കിട്ടിയ തുകയിൽ നിന്ന് ബന്ധുക്കൾക്കും അടുപ്പക്കാർക്കും നൽകിയിരുന്നു. 19 പ്രതികളെയാണ് കേസിൽ ഉൾപ്പെടുത്തിയത്. ഒരാളെ കൂടി പിടികൂടാനുണ്ട്.
കസ്റ്റഡിയിൽ വാങ്ങിയ നാല് പ്രതികളുമായി പൊലീസ് കണ്ണൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെത്തി തെളിവെടുത്തു. വെള്ളിയാഴ്ച ഇവരെ വയനാട്ടിലെത്തിച്ച് തെളിവെടുക്കും. ഇതിനിടെ പ്രതികളിൽ ചിലർക്ക് കോവിഡ് ലക്ഷണൾ കണ്ടതിനാൽ കൂടുതൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് േചാദ്യം ചെയ്യാനും തെളിവെടുക്കാനും സാധിക്കാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
25 ലക്ഷവും കാറും നഷ്ടപ്പെട്ടെന്നാണ് കൊടകര പൊലീസിന് കോഴിക്കോട് സ്വദേശി അബ്കാരി ധർമരാജിെൻറ ഡ്രൈവർ ഷംജീർ നൽകിയ പരാതി. എന്നാൽ, ഒരു പ്രതിയിൽനിന്ന് മാത്രം 31 ലക്ഷത്തോളവും മറ്റൊരാളിൽനിന്ന് മൂന്ന് ലക്ഷവും രണ്ട് പ്രതികളിൽ നിന്നായി 10 ലക്ഷത്തിെൻറയും ഇടപാട് വിവരങ്ങൾ അറിഞ്ഞതോടെ നഷ്ടപ്പെട്ടത് 25 ലക്ഷമല്ലെന്ന് പൊലീസിന് വ്യക്തമായി. കർണാടകയിൽനിന്ന് എത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.