കാഫിർ സ്ക്രീൻ ഷോട്ട്: പരാതിക്കാരനെ വാദിയാക്കാത്തതിൽ വിശദീകരണം തേടി ഹൈകോടതി
text_fieldsകൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തിൽ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരനെ വാദിയാക്കാത്തതിൽ ഹൈകോടതി പൊലീസിന്‍റെ വിശദീകരണം തേടി. തന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ട് എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പൊലീസിനോട് വിശദീകരണം തേടിയത്.
കാസിമിനെ വാദിയായി ഉൾപ്പെടുത്താത്തതിനാൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാൻ ഹരജിക്കാരന് സാധ്യമാകില്ലെന്ന് അഭിഭാഷകൻ മുഹമ്മദ് ഷാ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി വിശദീകരണം തേടിയത്.
സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി.പി.എം നേതാവ് നൽകിയ പരാതിയിൽ കാസിം പ്രതിയാണ്. കാസിമിനെ പ്രതിയാക്കിയതിനെതിരെ മുസ്ലിം ലീഗ് പ്രവർത്തകനായ ഇസ്മയിൽ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. രണ്ട് കേസിലും കാസിം വാദിയല്ല. ഹരജി വീണ്ടും സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും.
അതേസമയം, വ്യാജ രേഖ ചമച്ചതടക്കം വകുപ്പുകൾ പ്രതികൾക്കെതിരെ കൂട്ടിച്ചേർത്തതായി പൊലീസ് അറിയിച്ചു. ഈ വകുപ്പുകൾ ചുമത്തിയിട്ടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കൂട്ടിച്ചേർക്കാൻ കോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.