റിബേഷ് രാമകൃഷ്ണൻ

‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട്; റിബേഷിനെതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് വടകര ലോക്‌സഭാ മണ്ഡലത്തില്‍ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സംഭവത്തിലാണ് അധ്യാപകനും ഡി.വൈ.എഫ്.ഐ നേതാവുമായ റിബേഷ് രാമകൃഷ്ണനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങിയത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യസ ഓഫിസര്‍ക്കാണ് അന്വേഷണ ചുമതല.

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തോടന്നൂര്‍ ആറങ്ങോട് എം.എൽ.പി സ്‌കൂളിലെ അധ്യാപകനാണ് റിബേഷ്. സര്‍വീസ് ചട്ടം ലംഘിച്ചു, മാതൃകയാകേണ്ട അധ്യാപകൻ വർഗീയ പ്രചാരണം നടത്തി എന്നീ പരാതികൾ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫിൽ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഈ മാസം 22നാണ് പരാതി നല്‍കിയത്. എം.എസ്.എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ പേരില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ ‘കാഫിര്‍’ എന്നു വിളിച്ചു കൊണ്ടുള്ള സ്‌ക്രീന്‍ഷോട്ടാണ് പ്രചരിപ്പിച്ചത്.

എന്നാല്‍ സ്‌ക്രീന്‍ ഷോട്ട് സംഭവവുമായി റിബേഷിന് ഒരു ബന്ധവുമില്ലെന്ന് ഡി.വൈ.എഫ്‌.ഐ വ്യക്തമാക്കിയിരുന്നു. വടകരയിലെ വിവാദ കാഫിർ സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും പോസ്റ്റ് പൂർണമായും നീക്കം ചെയ്യണമെന്നും കോടതി നിർദേശം നൽകിയിരുന്നു. 

Tags:    
News Summary - 'Kafir' screen shot; Departmental inquiry against rebates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.