തൃശൂര്‍: ചലച്ചിത്ര ഗാനരചയിതാവും നാടന്‍പാട്ട് എഴുത്തുകാരനുമായ അറുമുഖന്‍ വെങ്കിടങ്ങ് (65) അന്തരിച്ചു. നടനും ഗായകനുമായിരുന്ന കലാഭവന്‍ മണി ആലപിച്ച മിക്ക നാടന്‍പാട്ടുകളുടെയും രചയിതാവായിരുന്ന അദ്ദേഹം 350ഓളം നാടന്‍ പാട്ടുകൾ എഴുതിയിട്ടുണ്ട്. ഇരുനൂറോളം പാട്ടുകളാണ് അറുമുഖൻ കലാഭവന്‍ മണിക്കുവേണ്ടി രചിച്ചത്. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്ക് പോകുമ്പോൾ, പകല് മുഴുവൻ പണിയെടുത്ത്... തുടങ്ങി കലാഭവന്‍ മണി പാടി ഹിറ്റാക്കിയ നിരവധി പാട്ടുകളുടെ രചന നിർവഹിച്ചത് ഇദ്ദേഹമായിരുന്നു.
സിനിമക്ക് വേണ്ടിയും പാട്ടുകളെഴുതിയിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ ‘കൊടുങ്ങല്ലൂരമ്പലത്തില്‍’, മീശമാധവനിലെ ‘ഈ എലവത്തൂര്‍ കായലിന്റെ’, ഉടയോന്‍ എന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ എന്നിവ രചിച്ചത് അറുമുഖനാണ്. കൂടാതെ നിരവധി ഭക്തിഗാനങ്ങളും ആല്‍ബങ്ങളും രചിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങില്‍ നടുവത്ത് ശങ്കരന്‍-കാളി ദമ്പതികളുടെ മകനായി ജനിച്ച അറുമുഖന്‍, വിനോദ കൂട്ടായ്മകൾക്കും നാട്ടിന്‍പുറത്തെ ഗാനമേളകൾക്കും പാട്ടുകള്‍ രചിച്ചാണ് തുടങ്ങിയത്. ഭാര്യ: അമ്മിണി. മക്കൾ: സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്, കണ്ണൻ പാലാഴി. മരുമക്കൾ: വിജയൻ, ഷിമ, ഷാജി, അമ്പിളി, സതി, രമ്യ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഏനാമാവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.