കോഴിക്കോട്: അട്ടപ്പാടിയുടെ അത്ഭുതമാണ് നഞ്ചിയമ്മ. "അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ടൈറ്റിൽ പാട്ടായ "കലക്കാത്തെ സന്ദനമേര വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാൻ പോകിലാമ്മ...' എന്ന പാട്ടിന്റെ ഈരടികളാണ് ദേശീയ അവർഡിലേക്ക് ഉയർത്തിയത്.
ആദിവാസി ഇരുള വിഭാഗത്തിന്റെ ഭാഷയിൽ നഞ്ചിയമ്മ എഴുതി, ഈണമിട്ട് പാടിയ ഈ ഗാനം മലയാളക്കരായാകെ ഏറ്റുപാടി. പുറത്തിറങ്ങി ഒരു ദിവസം കൊണ്ടുതന്നെ ലക്ഷത്തിലധികം പേരാണ് യൂട്യൂബ്, വാട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്.
ഏതൊരാളും മൂളിപ്പോകുന്ന അട്ടപ്പാടി ഗൂളിക്കടവ് നക്കുപ്പതി ഊരിലെ നഞ്ചിയമ്മയുടെ പാട്ട് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തുകയാണ്. അവർ പാടിത്തിമിർത്തത് ആദാവാസി സംസ്കാരത്തിന്റെ ആദിതാളമാണ്. സംസ്കാരത്തിന്റെ എല്ലാ ശേഷിപ്പുകളും നഷ്ടപ്പെട്ടവർ പാട്ടിലൂടെ, ശബ്ദത്തിലൂടെ സംസ്കാരം വീണ്ടെടുക്കുകയാണ്. മുഖ്യധാര സാംസ്കരിക ലോകത്തോട് ഞങ്ങൾ ഇവിടെ ജീവിച്ചിരുപ്പുണ്ടെന്നാണ് വിളച്ചു പറഞ്ഞത്. കേട്ടുവോ വേറിട്ടെന്റെ ശബ്ദം എന്നാണ് നഞ്ചിയമ്മ മലയാളത്തോട് ചോദിച്ചത്.
ആ പാട്ടിന്റെ താളം അട്ടപ്പാടിയുടെ ആദിവാസി സംസ്കാരത്തിന്റെ വേരുകളിൽ നിന്നാണ് ഉറവെടുത്തത്. നാടൻ പാട്ടുകൾ സവിശേഷ താളത്തിൽ കെട്ടിയുണ്ടാക്കുന്ന ആദിവാസി പാരമ്പര്യത്തിൽനിന്നാണ് അത് പിറന്നത്. അതിന്റെ പണിയാല അട്ടപ്പാടിയിലെ ആദിവാസി ജീവിതമാണ്, വേദനകളെ മറന്ന് ആടിപ്പാടുന്ന ജനതയാണ്.
കേരളത്തിന്റെ സാംസ്കരിക രംഗത്തുനിന്നും മാറ്റി നിർത്തപ്പെട്ട ജനത പുതിയ ചുവട് വെക്കുന്നതിന് വഴിവെട്ടുകയായിരുന്നു നഞ്ചിയമ്മ. സംസ്കാരികമായി മാറ്റിനിർത്തപ്പെട്ട ജനത സാമൂഹികമായും പാർശ്വവത്കരിപ്പെട്ടു. സംസ്കാരത്തിന്റെ വീണ്ടെടുക്കലായി നഞ്ചിയമ്മ. അട്ടപ്പാടിയിൽ വേരറ്റുവീഴുന്നവരുടെ പ്രതീക്ഷയാണവർ. അട്ടപ്പാടിയിലെ ആദിവാസികളുടെ നാവും ശബ്ദവുമായി മാറുകയാണവർ.
പാട്ട് ഇറങ്ങിയപ്പോൾതന്നെ അട്ടപ്പാടിയുടെ ആദിവാസി ഗാനത്തിന്റെ ഈരടികൾ യൂട്യൂബിൽ വലിയ ചലനമാണുണ്ടാക്കിയത്. കഴിഞ്ഞ പത്ത് വർഷത്തിലധികമായി അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന ഗോത്ര കലാകാരന്മാരുടെ കൂട്ടായ്മയായ ആസാദ് കലാസമിതിയിലെ പ്രധാന അംഗമായിരുന്നു നഞ്ചിയമ്മ.
സിനിമ അഭിനേതാവും ഗോത്ര വിഭാഗത്തിലെ കലാകാരനുമായ പഴണിസ്വാമിയുടെ നേതൃത്വത്തിലാണ് നഞ്ചിയമ്മ പാടി തുടങ്ങിയത്. കാണാനെത്തുന്നവരെ നിഷ്‌കളങ്കമായ ചിരിയിലൂടെയാണ് സ്വഗതം ചെയ്യുന്നത്. അട്ടപ്പാടിയും അവിടുത്തെ ജനങ്ങളും സിനിമയുടെ ഭാഗമായി എന്നതാണ് 'അയ്യപ്പനും കോശിയും' ഏറെ പ്രിയപ്പെട്ടതാക്കിയതെന്ന് നഞ്ചിയമ്മ പറഞ്ഞിരുന്നു. നഞ്ചിയമ്മക്ക് കിട്ടിയ അവാർഡുകളെല്ലാം ചെറിയ വീട്ടിൽ മേൾമേൽ നിരത്തിവെച്ചിരിക്കുകയാണ്. ദേശീയ അവാർഡും നക്കുപതി ഊരിലെ വീട്ടിൽ അതുപോലെയുണ്ടവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.