പാലക്കാട്: ആചാരപ്പെരുമയുടെ ഓർമകളിൽ അഗ്രഹാര വീഥികളുണർന്നു. കൽപാത്തി രഥോത്സവത്തിന് കൊടിയേറി. കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ 11നും 12നും ഇടയിലായിരുന്നു കൊടിയേറ്റം.
പ്രധാന ക്ഷേത്രമായ കൽപാത്തി വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ താന്ത്രിക ചടങ്ങുകൾക്കുശേഷം മുഖ്യ പുരോഹിതൻ പ്രഭു സേനാപതി കൊടിയേറ്റ് നടത്തി. ഉപക്ഷേത്രങ്ങളായ ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിൽ ശ്രീകാന്ത് ഭട്ടാചാര്യയും ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിൽ രാമമൂർത്തി ഭട്ടാചാര്യയും മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ കുമാർ ശിവാചാര്യരും കൊടിയേറ്റിന് നേതൃത്വം നൽകി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സ്ഥാനാർഥികളും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. കൊടിയേറ്റ് മുതൽ 10 ദിവസം പ്രത്യേക പൂജകൾ നടക്കും. പത്തു ദിവസത്തെ രഥോത്സവം തുലാം 28, 29, 30 തീയതികളിലാണ് എല്ലാ വർഷവും നടക്കുക. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രഥോത്സവങ്ങളിലൊന്നായ കൽപാത്തി രഥോത്സവം പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.