തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ വിടവ് നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്ന ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന ഒരു യാഥാർഥ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐക്കും സി.പി.എമ്മിനും രണ്ട് നിലപാടുള്ളതിനാലാണ് രണ്ട് പാർട്ടിയായി നിൽക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി സി.പി.എമ്മിന്‍റെ പി.ബി അംഗം എന്ന പോലെ ബിനോയ് വിശ്വം സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗമാണെന്നും കാനം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച ആശങ്ക ദൂരീകരിക്കേണ്ടത് സർക്കാറിന്‍റെ ചുമതലയാണ്. സർക്കാർ അതിന് പല ശ്രമവും നടത്തുന്നുണ്ട്. അതുകഴിഞ്ഞശേഷം അക്കാര്യത്തെക്കുറിച്ച് പറയുന്നതാവും നല്ലതെന്നും കാനം വ്യക്തമാക്കി.
കേരളത്തിൽ നിലപാട് ബാധകമല്ല എന്ന് ബിനോയ് വിശ്വം തന്നെ പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു. ഡി-ലിറ്റ് വിവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് ആദരവ് ശിപാർശ ചെയ്ത് വാങ്ങരുതെന്നാണ് അദ്ദേഹം പറഞ്ഞത്.
കഴിഞ്ഞ ദിവസം എറണാകുളം ഡി.സി.സിയിൽ നടന്ന പി.ടി. തോമസ് അനുസ്മരണ പരിപാടിയിലാണ് ബിനോയ് വിശ്വം പരാമർശം നടത്തിയത്. കോൺഗ്രസ് ഇല്ലാതാകാൻ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ സംഭവിച്ചാൽ ആ ശൂന്യതയിൽ ആർ.എസ്.എസും ബി.ജെ.പിയും ഇടംപിടിക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.