എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നുആലപ്പുഴ: പാലക്കാട്ടെ കൊലപാതകങ്ങൾ വർഗീയ ശക്തികൾ നടത്തുന്ന കൊലപാതകങ്ങളാണെന്നും രാഷ്ട്രീയ കൊലപാതകമെന്ന് വിളിക്കരുതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യത്ത് സമാധാനം നിലനിർത്തണമെങ്കിൽ ഇത്തരം വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും കഴിയണം. അതല്ലാതെ പ്രതിപക്ഷം ചെയ്യുന്നതുപോലെ സർക്കാറിനെ കുറ്റപ്പെടുത്താനുള്ള ആയുധമാക്കി മാറ്റരുത്.
വർഗീയ ശക്തികളാണ് കൊലപാതകം ചെയ്യുന്നത് എന്ന് മാധ്യമങ്ങൾ തുറന്നുപറയണം. രാഷ്ട്രീയ കൊലപാതകമല്ല. വർഗീയ കൊലപാതകമാണെന്ന് തന്നെ പറയണം.
ഈ സംഘടനകൾ ആരാണ് എന്ന് നമുക്ക് അറിയാം. അത് വർഗീയ സംഘടനകളാണ് എന്ന് എന്തുകൊണ്ട് ശക്തമായി മാധ്യമങ്ങൾക്ക് പറഞ്ഞുകൂടാ. ഇത്തരം സംഘടനകൾക്ക് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിൽ യാതൊരു സ്ഥാനവുമില്ല. ഇത്തരം കൊലപാതകങ്ങളിലൂടെ അവർ കൂടുതൽ ഒറ്റപ്പെടും. എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തണം -കാനം രാജേന്ദ്രൻ പറഞ്ഞു.
കെ.എസ്.ഇ.ബിയിലെയും കെ.എസ്.ആർ.ടി.സിയിലേയും സമരങ്ങളെയൊന്നും രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. എൽ.ഡി.എഫ് വന്നാലും യു.ഡി.എഫ് വന്നാലും തൊഴിലാളി അവകാശങ്ങൾക്കായി സമരം ചെയ്യുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ആലപ്പുഴ: മോദി ഭരണത്തിൽ വിദ്യാഭ്യാസ രംഗത്തെ യുക്തിചിന്തയും ശാസ്ത്രബോധവും അസ്തമിച്ചെന്നും ആശയ സംവാദത്തിന്റെ വേദികളായിരുന്ന സർവകലാശാലകളെ ഹിന്ദുത്വവാദം അടിച്ചേൽപ്പിക്കുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആഗോളവത്കരണ കാലത്ത് ക്ഷേമരാഷ്ട്ര സങ്കൽപം മാറ്റിവെച്ച് കേന്ദ്ര സർക്കാർ മതരാഷ്ട്ര സങ്കൽപമാണ് പിന്തുടരുന്നത്. പാർലമെന്റും നിയമസഭയും ഇനി എത്രനാൾ തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കാനം പറഞ്ഞു. എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ ടി.ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ, മന്ത്രിമാരായ കെ.രാജൻ, ജി.ആർ. അനിൽ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സെക്രട്ടറി ടി.ടി. ജിസ്മോൻ, എൻ. ശ്രീകുമാർ, ഡോ. സി. ഉദയകല, പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. നാദിറ ബഹ്റിൻ രക്തസാക്ഷി പ്രമേയവും ആർ.എസ്. രാഹുൽരാജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു റിപ്പോർട്ട് അവതരിപ്പിച്ചു. അസ്ലം ഷാ നന്ദി പറഞ്ഞു. പി. കബീർ, ബിബിൻ എബ്രഹാം, സി.കെ. ബിജിത്ത് ലാൽ, അമൽ അശോകൻ, പ്രിജി ശശിധരൻ, ചിന്നു ചന്ദ്രൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.