തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പുവെച്ചിട്ടും എതിർപ്പ് കടുപ്പിച്ചുതന്നെ സി.പി.ഐ. ഓർഡിനൻസ് ഇറക്കാനുള്ള അടിയന്തര സാഹചര്യം ഇതുവരെ സി.പി.ഐക്ക് ബോധ്യമായിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
അടിയന്തര സാഹചര്യം എന്തെന്ന സി.പി.ഐയുടെ ചോദ്യത്തിന് ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഗവർണർക്ക് ബോധ്യപ്പെട്ടിട്ടുള്ളതിനാലാവാം ഓർഡിനൻസിൽ ഒപ്പിട്ടത്. വിഷയത്തിൽ ഇതുവരെ എൽ.ഡി.എഫിൽ ചർച്ച നടന്നിട്ടില്ല. അതു നടന്നാലേ അഭിപ്രായ സമന്വയം ഉണ്ടാക്കി നിലപാട് എടുക്കാൻ കഴിയൂ. ഭൂരിപക്ഷ, ന്യൂനപക്ഷ തീരുമാനം എന്നത് എൽ.ഡി.എഫിലില്ല.
വ്യത്യസ്ത പാർട്ടികൾ തമ്മിൽ അഭിപ്രായ സമന്വയത്തിൽ മുന്നോട്ട് പോവുകയാണ് രീതി. സി.പി.എമ്മുമായി ഇനി ചർച്ച നടത്തുമോ എന്ന ചോദ്യത്തിന് വണ്ടിക്ക് പിന്നിൽ കുതിരയെ കെട്ടിയിട്ട് എന്ത് കാര്യമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
വീണ്ടും മന്ത്രിസഭയിൽ ഇത് ചർച്ച ചെയ്യണം. അവിടെ സി.പി.ഐ മന്ത്രിമാർക്ക് അഭിപ്രായം പറയാൻ കഴിയും. മന്ത്രിസഭയിൽ എന്ത് നടന്നുവെന്നത് പുറത്ത് പറയാൻ കഴിയില്ല.
സി.പി.ഐയുടെ അഭിപ്രായം നിർവാഹകസമിതിക്ക് ശേഷം പറഞ്ഞിട്ടുണ്ട്. ഓർഡിനൻസ് ഇറക്കാനുള്ള മന്ത്രിസഭാതീരുമാനത്തിൽ കൂട്ടുത്തരവാദിത്തത്തോടെയാണ് സി.പി.ഐ പ്രവർത്തിച്ചത്. പക്ഷേ, ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം എന്തെന്ന് ഞങ്ങൾ ചോദിച്ചു. ആരും മറുപടി പറഞ്ഞിട്ടില്ല - അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.