ഡി.ജി.പിയെ മാറ്റാത്തതെന്തെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം -കാനം

തിരുവനന്തപുരം: സർക്കാറിനും മുന്നണിക്കും ചീത്തപ്പേരുണ്ടാക്കുന്ന തലത്തിലേക്ക് കാര്യങ്ങൾ പോകുമ്പോഴും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റാത്തതെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയം നോക്കിയല്ല പൊലീസ് മേധാവിയെ നിയമിക്കുന്നത്. യോഗ്യതയും സീനിയോറിറ്റിയും നോക്കിയാണ് വകുപ്പുമേധാവിമാരെ നിയമിക്കുന്നത്. ഭരണസൗകര്യാർഥമാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നത്. അത് മുന്നണിയിലോ പാർട്ടിയിലോ ചർച്ചചെയ്യേണ്ട കാര്യമില്ല. സർക്കാറിനും മുന്നണിക്കും പൊലീസ് ചീത്തപ്പേരുണ്ടാക്കിയെങ്കിൽ ബന്ധപ്പെട്ടവരെ മാറ്റേണ്ടത് മുഖ്യമന്ത്രിയാണ്. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്. 

യു.എ.പി.എ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ ചുമത്തുന്നത് അധാർമികവും മുന്നണിനയത്തിന് വിരുദ്ധവുമാണ്. കരിനിയമങ്ങൾ പ്രയോഗിക്കുന്നത് കടുത്ത മനുഷ്യാവകാശലംഘനമാണ്. ഇക്കാര്യം മുഖ്യമന്ത്രിതന്നെ ജില്ല പൊലീസ് മേധാവിമാരോട് വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിശോധിക്കേണ്ടതാണ്. സി.പി.എമ്മും സി.പി.ഐയും തമ്മിൽ ആശയവിനിമയം നടത്തിയോ ചർച്ചയിലൂടെയോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നുമില്ല. വ്യാഴാഴ്ച എ.കെ.ജി സെൻററിൽ നടക്കുന്ന പരിപാടിയിൽ താനും പങ്കെടുക്കുന്നുണ്ട്. ഇതിനുമുമ്പ് കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തും. ആശയ, അഭിപ്രായഭിന്നതകൾ ചർച്ചയിൽ വ്യക്തമാക്കുമെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Tags:    
News Summary - kanam Rajendran on UAPA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.