കായംകുളം: സി.പി.എം നിയന്ത്രണത്തിലുള്ള കണ്ടല്ലൂർ സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഏഴ് ജീവനക്കാർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ഹൈകോടതി റദ്ദാക്കി. കോടതി ഉത്തരവ് സി.പി.എമ്മിനെ വെട്ടിലാക്കി. ചിലർ നടത്തിയ കൊള്ള ജീവനക്കാരുടെ തലയിൽ ചാർത്താനുള്ള നീക്കത്തിനാണ് തിരിച്ചടി ലഭിച്ചത്.
സി.പി.എം ഏരിയ, ജില്ല നേതൃത്വങ്ങളുടെ പിന്തുണയോടെയാണ് ഏരിയ സെന്റർ അംഗം കൂടിയായ ബാങ്ക് പ്രസിഡന്റ് അഡ്വ. സുനിൽകുമാർ നടപടി സ്വീകരിച്ചത്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ ബാങ്കിന് സംഭവിച്ച വീഴ്ച ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആക്ഷേപം. പണയ ഉരുപ്പടികൾ വിറ്റതിലൂടെ ബാങ്കിന് സംഭവിച്ച നഷ്ടം ജീവനക്കാർ വഹിക്കണമെന്നായിരുന്നു പാർട്ടി തീരുമാനം. എന്നാൽ, നേതാക്കൾ നടത്തിയ അഴിമതിക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന നിലപാടാണ് ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള ജീവനക്കാർ സ്വീകരിച്ചത്. ഇതോടെ ഏഴ് ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. ഇതാണ് പ്രസിഡന്റിന്റെ ഏകപക്ഷീയ നടപടി എന്ന നിലയിൽ ഹൈകോടതി റദ്ദാക്കിയത്.
ബാങ്കിലെ ക്രമക്കേട് പാർട്ടിയിൽ കടുത്ത വിഭാഗീയതക്കാണ് വഴിതെളിച്ചത്. 250ലധികം പണയ ഉരുപ്പടികൾ ഉടമകളറിയാതെ മറിച്ചുവിറ്റതിന് പിന്നിൽ അഴിമതി നടന്നതായ ചർച്ച സജീവമായിരുന്നു. 28 ലക്ഷത്തോളം രൂപയുടെ നഷ്ടം ഇതിലൂടെ ബാങ്കിനും സംഭവിച്ചിരുന്നു.
പണയ ഉരുപ്പടികൾ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിൽ വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. കാലാവധി കഴിഞ്ഞ പണയ ഉരുപ്പടികൾ വിൽക്കുമ്പോൾ പിഴപ്പലിശയടക്കം 14-15 ശതമാനം പലിശയാണ് ഈടാക്കേണ്ടിയിരുന്നത്. ഇതിനു വിരുദ്ധമായി 7-8 ശതമാനം മാത്രം ഈടാക്കിയതായാണ് രേഖയിൽ ചേർത്തത്.
മുൻ ഭരണസമിതിയുടെ കാലത്ത് നടന്ന അഴിമതി ഓഡിറ്റിലൂടെ കണ്ടെത്തിയതോടെ നേതാക്കൾ വെട്ടിലായി. ഇതോടെ ഇതുമായി ബന്ധമില്ലാത്ത ജീവനക്കാരെ വരെ ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സംഭവം വിവാദമായപ്പോൾ സെക്രട്ടറി, ചീഫ് അക്കൗണ്ട് അടക്കം ഏഴ് ജീവനക്കാരെ സസ്പെൻഡ് ചെയ്ത് ഭരണസമിതി തലയൂരുകയായിരുന്നു.
നിരപരാധികളെ ക്രൂശിക്കാനുള്ള തീരുമാനം പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമാക്കി. പാർട്ടിക്കാരായ ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയതും വിവാദമായി. ഇതിനെതിരെ ജീവനക്കാർ നൽകിയ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.