ആലപ്പുഴ: നവജാത ശിശു അസാധാരണ വൈകല്യത്തോടെ പിറന്ന സംഭവം ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കാൻ മന്ത്രി വീണ ജോർജ് നിർദേശിച്ചു. ജില്ലതലത്തിൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമികാന്വേഷണത്തിൽ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാർക്കാണോ സ്കാനിങ് നടത്തിയ സ്വകാര്യ ലാബിനാണോ പിഴവ് പറ്റിയതെന്ന് കണ്ടെത്താനായില്ല. തുടർന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു.
ആശുപത്രിയിലെയും സ്കാനിങ് കേന്ദ്രത്തിലെയും ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. സ്കാനിങ്ങിനുശേഷം ഫ്ലൂയിഡ് കൂടുതലാണെന്ന റിപ്പോർട്ടാണ് ലാബുകാർ നൽകിയത്. അത് വിലയിരുത്തി കൂടുതൽ പരിശോധനകൾക്ക് നിർദേശിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ, സ്കാനിങ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വൈകല്യങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുവതിയെ അറിയിച്ചിരുന്നതായും ഇക്കാര്യം കൺസൾട്ടിങ് കടലാസിൽ ഉണ്ടെന്നുമാണ് ഡോക്ടർമാരുടെ മൊഴി. ഇത് ക്രോഡീകരിച്ച റിപ്പോർട്ടാണ് ജില്ല മെഡിക്കൽ ഓഫിസർ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് കൈമാറിയതെന്നാണ് വിവരം.
ആലപ്പുഴ ലജ്നത്ത് വാർഡ് നവറോജി പുരയിടത്തിൽ അനീഷ്-സുറുമി ദമ്പതികൾക്കാണ് അസാധാരണ വൈകല്യമുള്ള കുഞ്ഞ് പിറന്നത്. ഒക്ടോബർ 30നാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലപ്പുഴ മെഡിക്കൽ കോളജിൽ ഈ മാസം എട്ടിന് രാത്രി ഏഴിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതോടെയാണ് അസാധാരണ അംഗവൈകല്യം തിരിച്ചറിഞ്ഞത്.
ഗർഭിണിയായത് മുതൽ കടപ്പുറം ആശുപത്രിയിലെ രണ്ട് സീനിയർ ഡോക്ടർമാരുടെ ചികിത്സയിലായിരുന്നു. ഇവരുടെ നിർദേശപ്രകാരം ഗർഭസ്ഥശിശുവിന്റെ ചലനവും അവസ്ഥയും അറിയാൻ സ്കാനിങ് നടത്തി. ഡോക്ടർമാർ പറഞ്ഞ രണ്ട് സ്വകാര്യ ലാബുകളിലായിരുന്നു സ്കാനിങ്.
സംഭവത്തിൽ കടപ്പുറം വനിത-ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയും സ്കാൻ നടത്തിയ രണ്ട് ലാബിലെ ഡോക്ടർമാർക്കെതിരെയും ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടർമാരായ പുഷ്പ, ഷേർലി, നഗരത്തിലെ രണ്ട് ലബോറട്ടറിയിലെ ഡോക്ടർമാർ എന്നിവരെ പ്രതിചേർത്താണ് കേസെടുത്തത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ ഉപരോധസമരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.