ചാലക്കുടി: കണ്ണൻകുഴി പ്രദീപ് കൊലപാതകക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. കണ്ണൻകുഴി ഏറൻ വീട്ടിൽ ജിനീഷ് എന്ന ഗിരീഷിനെയാണ് (36) ഇരിങ്ങാലക്കുട അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി എൻ. വിനോദ് കുമാർ ശിക്ഷിച്ചത്. പിഴയിൽനിന്ന് ലക്ഷം രൂപ പ്രദീപിന്റെ കുടുംബത്തിന് നൽകണം.
കെ.പി.എം.എസ് ഭാരവാഹിയും അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശിയും താളാട്ട് ചാത്തുക്കുട്ടിയുടെ മകനുമായ പ്രദീപിനെ (32) 2020 ഫെബ്രുവരി 14ന് കണ്ണൻകുഴി പാലത്തിനു സമീപം ബൈക്ക് തടഞ്ഞുനിർത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.
അതിരപ്പിള്ളി കണ്ണൻകുഴിയിൽ പുഴയരികിലെ കിണറ്റിനരികിൽ വിനോദസഞ്ചാരികൾ മാലിന്യം തള്ളുന്നെന്ന കാര്യം സംബന്ധിച്ച തർക്കമായിരുന്നു കൊലക്ക് കാരണം. അതിരപ്പിള്ളി എസ്.ഐയായിരുന്ന പി.ഡി. അനിൽകുമാർ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു അന്വേഷണം നടത്തുകയും തുടർന്ന് അന്വേഷണം ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ് ഏറ്റെടുക്കുകയും ചെയ്തു.
പിന്നീട് ഇൻസ്പെക്ടർ ഇ.കെ. ഷിജുവാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോജി ജോർജ് ഹാജരായി. കൂടാതെ അഭിഭാഷകരായ പി.എ. ജെയിംസ്, അൽജോ പി. ആൻറണി, എബിൻ ഗോപുരൻ, ടി.ജി. സൗമ്യ എന്നിവരും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.