കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 4000 മീറ്ററാക്കാനുള്ള വികസനപ്രവൃത്തിയുടെ ഭാഗമായുള്ള ഭൂമിയേറ്റെടുക്കല്‍ അനന്തമായി നീളുന്നു. 2019ല്‍ ആവശ്യമായ ഭൂമി അളന്നു തിട്ടപ്പെടുത്തിയെങ്കിലും സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയും മൂല്യം പി.ഡബ്ല്യൂ.ഡി നിര്‍ണയിക്കാത്തതിനാലാണ് വികസനപ്രവൃത്തി നിലച്ചത്. കീഴല്ലൂര്‍ വില്ലേജിലെ കാനാട്, കീഴല്ലൂര്‍ പ്രദേശങ്ങളിലെ 245 ഏക്കര്‍ ഭൂമിയാണ് കിയാലിന് റണ്‍വേ വികസനത്തിന് ആവശ്യം.
സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞത് പ്രകാരം ദേശത്തെ 162 കുടുംബങ്ങളും അഞ്ച് ക്ഷേത്രങ്ങളും പള്ളിയും നെയ്ത്തുശാലയും അംഗൻവാടിയും റണ്‍വേ വികസനത്തിനായി ഒഴിഞ്ഞുകൊടുക്കേണ്ടിവരും. ഇവിടങ്ങളില്‍ മൂല്യനിര്‍ണയം നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്ന് പി.ഡബ്ല്യൂ.ഡി മറുപടി നല്‍കിയിരുന്നു. എന്നാല്‍, മറ്റ് ഏജന്‍സികളെ വെച്ച് മൂല്യനിര്‍ണയം നടത്താനും ചെലവുകള്‍ കിന്‍ഫ്ര വഴി നല്‍കുമെന്നും കലക്ടര്‍ അറിയിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് മാസങ്ങളായിട്ടും പി.ഡബ്ല്യൂ.ഡി തുടര്‍നടപടി സ്വീകരിച്ചില്ല. മൂല്യനിര്‍ണയംകൂടി ലഭിച്ചാല്‍ മാത്രമേ സ്പെഷല്‍ തഹസില്‍ദാര്‍ക്ക് ഭൂമി ഏറ്റെടുക്കാനാവശ്യമായ തുക കണക്കാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ സാധിക്കൂ.
അടിസ്ഥാന വില നിശ്ചയിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഭൂവുടമകള്‍ കൂടുതല്‍ പ്രയാസത്തിലാകും. നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ വീടുകള്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ റണ്‍വേ വികസനത്തിനായി വേഗത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും നിലവില്‍ സര്‍ക്കാറും മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. ഇതോടെ ദുരിതത്തിലായിരിക്കുന്നത് ഇവിടങ്ങളിലെ ഭൂവുടമകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.