കണ്ണൂർ: സി.പി.എമ്മിെൻറ രാഷ്ട്രീയ തലസ്ഥാനമെന്നറിയപ്പെടുന്ന കണ്ണൂർ ഇത്തവണ സാക്ഷ്യം വഹിക്കുന്നത് മൂന്ന് ജയരാജന്മാരില്ലാത്ത തെരഞ്ഞെടുപ്പിന്. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ, സംസ്ഥാന സമിതിയംഗങ്ങളായ പി. ജയരാജൻ, എം.വി. ജയരാജൻ എന്നിവരാണ് കണ്ണൂരിൽ ഇത്തവണ ഗോദയിലില്ലാത്തത്.
സി.പി.എമ്മിെൻറ പ്രധാന അധികാര കേന്ദ്രമായാണ് കണ്ണൂർ ലോബി എന്നും അറിയപ്പെടുന്നത്. ഇ.പി. ജയരാജനും പി. ജയരാജനും ആദ്യഘട്ടത്തിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നു. ജില്ലയിൽ 11 മണ്ഡലങ്ങളിൽ സി.പി.എം മത്സരിക്കുന്നത് ഏഴ് സീറ്റുകളിലാണ്. എന്നാൽ, സ്ഥാനാർഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണയായതോടെ മൂവരും മത്സരിക്കുന്നില്ല എന്ന് വ്യക്തമായി.
പാർട്ടിയുടെ രണ്ട് ടേം നിബന്ധനയാണ് കേന്ദ്ര കമ്മിറ്റയംഗം ഇ.പി. ജയരാജന് വിനയായത്. കൂടാതെ അടുത്ത പാർട്ടി സെക്രട്ടറി ചുമതല ഇ.പിക്കായിരിക്കും എന്ന ശ്രുതിയുമുണ്ട്. 2011 മുതൽ തുടർച്ചയായി രണ്ടു തവണ മട്ടന്നൂരിൽനിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടാം തവണ മന്ത്രിയുമായി. 1991ൽ അഴീക്കോട് മണ്ഡലമാണ് അദ്ദേഹത്തെ ആദ്യം സഭയിലെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് സീറ്റ് നൽകേണ്ട എന്ന തീരുമാനം പി. ജയരാജന് തിരിച്ചടിയായി. 'സ്വയം പുകഴ്ത്തൽ' വിവാദത്തിലൂടെ പാർട്ടിക്ക് അനഭിമതനായതും സീറ്റ് നിഷേധിക്കാൻ കാരണമായി. രണ്ടു തവണ കൂത്തുപറമ്പ് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധാനംചെയ്തത്. 2019ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കെ. മുരളീധരനോട് തോറ്റു.
മത്സരിക്കാനായി കണ്ണൂർ ജില്ല സെക്രട്ടറിസ്ഥാനം രാജിവെച്ച അദ്ദേഹം പിന്നീട് ആ ചുമതലയിലെത്തിയതുമില്ല. 2019 മുതൽ എം.വി. ജയരാജനാണ് സി.പി.എം ജില്ല സെക്രട്ടറിയുടെ ചുമതല. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇത്തവണ തെരഞ്ഞെടുപ്പ് ചിത്രത്തിലില്ലായിരുന്നു. രണ്ട് തവണ എടക്കാട് എം.എൽ.എയായ അദ്ദേഹം ജില്ല സെക്രട്ടറിസ്ഥാനത്ത് ഒരു ടേം പൂർത്തിയാകുന്നതേയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.