കണ്ണൂര്‍: കോര്പറേഷന് മേയര്‍ അഡ്വ. ടി.ഒ. മോഹനന് രാജിവെച്ചു. മേയർ സ്ഥാനം കൈമാറാൻ മുസ്ലിം ലീഗുമായുള്ള മുന്‍ധാരണ പ്രകാരമാണ് രാജി. പുതുവർഷദിനത്തിൽ കൗൺസിൽ യോഗത്തിന് ശേഷമാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മണികണ്ഠ കുമാറിന് രാജി സമർപ്പിച്ചത്. പുതിയ മേയർ സ്ഥാനമേൽക്കുന്നതു വരെ ഡെപ്യൂട്ടി മേയർ മുസ്ലിം ലീഗിലെ കെ. ഷബീന ചുമതല വഹിക്കും.
മേയര്‍ സ്ഥാനം പങ്കിടുകയെന്നതായിരുന്നു യു.ഡി.എഫിൽ കോൺഗ്രസും ലീഗും തമ്മിലെ മുന്‍ധാരണ. രണ്ടര വർഷത്തിന് ശേഷം സ്ഥാനമാവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് വഴങ്ങിയില്ല. ഇങ്ങനെയൊരു കാലാവധി ധാരണയിൽ ഉണ്ടായിരുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
ഒടുവിൽ മുസ്ലിം ലീഗ് ജില്ല നേതൃത്വവും കൗൺസിലർമാരും കടുത്ത നിലപാടുകൾ സ്വീകരിക്കുകയും ഇരു പാർട്ടികളുടേയും സംസ്ഥാന നേതൃത്വം ഇടപെടുകയും ചെയ്തതോടെയാണ് മൂന്നു വർഷത്തിന് ശേഷം സ്ഥാനം കൈമാറുന്നത്. പുതിയ മേയർ ആരാകുമെന്ന കാര്യത്തിൽ ലീഗിൽ അന്തിമ തീരുമാനമായില്ല. ലീഗ് പാർലമെന്റ് പാർട്ടി ലീഡർ മുസ്ലിഹ് മഠത്തിലിന്റെ പേരാണ് പ്രഥമ പരിഗണനയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.