കണ്ണൂർ: സി.പി.എം രാഷ്ട്രീയത്തിൽ സവിശേഷ പദപ്രയോഗമാണ് കണ്ണൂർ ലോബി. ആ പാർട്ടിയുടെ ഡി.എൻ.എ കുറിച്ചിടുന്ന വിശേഷണം. കോടിയേരി ബാലകൃഷ്ണൻ പാർട്ടി െസക്രട്ടറി പദത്തിൽനിന്ന് മാറി എ. വിജയരാഘവൻ ചുമതലയിൽ വരുേമ്പാൾ സി.പി.എമ്മിൽ അത് കേവലം വ്യക്തികളുടെ മാറ്റമല്ല. മറിച്ച്, അധികാര സമവാക്യങ്ങളിലെ ഇളക്കമാണ്.
സി.എച്ച്. കണാരൻ, എ.കെ.ജി, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിങ്ങനെ സി.പി.എം സെക്രട്ടറിമാരായവരിൽ കണ്ണൂരുകാരനല്ലാത്ത ഒരേയൊരാൾ വി.എസ് മാത്രമാണ്.
സി.എച്ച് കണ്ണൂരിന് പുറത്ത് മാഹി അഴിയൂർ സ്വദേശിയാണെങ്കിലും പ്രവർത്തന മണ്ഡലം തലശ്ശേരിയായിരുന്നു. പാർട്ടി സ്ഥാപകരിലൊരാൾ കൂടിയായ വി.എസ്. പാർട്ടിയെ നയിച്ചപ്പോൾ പോലും ഇടംവലം നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചതും കണ്ണൂരിലെ നേതാക്കളായിരുന്നുവെന്നതും ചരിത്രം. കോടിയേരിയുടെ തീരുമാനം കണ്ണൂരിലെ പാർട്ടി കേന്ദ്രങ്ങൾ അമ്പരപ്പോടെയാണ് കേട്ടത്. ഒരു സൂചനയും കോടിയേരിയുമായി അടുത്ത കേന്ദ്രങ്ങൾക്ക് പോലും ഉണ്ടായിരുന്നില്ല. എ. വിജയരാഘവന് ചുമതല നൽകാനുള്ള തീരുമാനവും കണ്ണൂരിലെ പാർട്ടി പ്രതീക്ഷിച്ചതല്ല. കോടിയേരിക്ക് ശേഷം പാർട്ടിയെ നയിക്കേണ്ടത് എം.വി. ഗോവിന്ദൻ എന്നത് കണ്ണൂരിൽ കുറച്ചുനാളായി പറഞ്ഞുകേൾക്കുന്ന ഒന്നാണ്. തിരുവനന്തപുരത്ത് എ.കെ.ജി സെൻറർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയാണ് നിലവിൽ എം.വി. ഗോവിന്ദൻ.
കോടിയേരി നേരത്തേ ചികിത്സക്ക് പോയപ്പോൾ പകരം ചുമതല വഹിച്ച പാർട്ടി െസൻററിലെ പ്രധാനിയും ഗോവിന്ദനായിരുന്നു. അതുകൊണ്ടുതന്നെ കണ്ണൂർ ലോബിയെയും എം.വി. ഗോവിന്ദനെയും മറികടന്ന് മലപ്പുറത്തുകാരൻ എ. വിജയരാഘവൻ വന്നത് പാർട്ടി കേന്ദ്രങ്ങളിൽ പുതിയ ചർച്ചയാണ്. പലർക്കും പരിഭവവുമുണ്ട്. പാർട്ടിയിലെ അവസാന വാക്കായ പിണറായി വിജയനുമായുള്ള അടുപ്പമാണ് പരിഗണിക്കപ്പെട്ടത് എന്നതിനാൽ പരിഭവങ്ങൾ പുറത്തേക്ക് എത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.