പിണറായിയുടെ സ്വന്തം ധർമടത്തുപോലും എം.വി. ജയരാജന് ഇടംകൊടുക്കാതെ കണ്ണൂരിലെ ഇടതുകോട്ടകളെ വിറപ്പിച്ച് കോൺഗ്രസിന്റെ സിംഹം കെ. സുധാകരൻ. പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് വീണ്ടും കണ്ണൂർ മണ്ഡലത്തിൽ വിജയംവരിച്ചത്.
2014ൽ കേവലം 6566 വോട്ടുകൾക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് അന്നത്തെ സിറ്റിങ് എം.പിയായ സുധാകരന് മണ്ഡലം നഷ്ടമായത്. പി.കെ. ശ്രീമതിക്കായിരുന്നു ജയം. ഒരിക്കൽ കൂടി അതുപോലെ വിജയം കൈവിടുമോ എന്ന ആശങ്ക യു.ഡി.എഫിൽ ഇത്തവണ കലശലായി ഉണ്ടായിരുന്നു. എന്നാൽ, സി.പി.എമ്മിനോട് കൈയൂക്കിലും നാക്കിന്റെ കരുത്തിലും കട്ടക്ക് ഏറ്റുമുട്ടിയ, സുധാകരൻ ഇത്തവണ വോട്ടുബാങ്കിലും മിടുക്ക് കൈവിട്ടില്ല.
2019ൽ 94,559 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ. സുധാകരൻ ജയിച്ചുകയറിയ കണ്ണൂരിൽ അഞ്ച് വർഷം കഴിഞ്ഞപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നായിരുന്നു പ്രവചനങ്ങളൊക്കെയും. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ അഞ്ചും 2021ൽ എൽ.ഡി.എഫിനെയാണ് തുണച്ചത്.
കെ. സുധാകരൻ (Time: 04:50 PM) | 504153 |
എം.വി. ജയരാജൻ | 391732 |
സി. രഘുനാഥ് | 116118 |
സുധാകരന്റെ ഭൂരിപക്ഷം | 112421 |
സുധാകരൻ എപ്പോൾ വേണമെങ്കിലും ബി.ജെ.പിയിലേക്ക് പോയേക്കാം എന്ന പ്രതീതി ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ സി.പി.എം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. ഇത് സുധാകരനെ ന്യൂനപക്ഷത്തിൽനിന്ന് അകറ്റുമെന്നും തോൽപിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, സുധാകരനൊപ്പം കട്ടക്ക് കൂടെ നിൽക്കാൻ വോട്ടർമാർ തീരുമാനിച്ചതോടെ എതിർ പ്രചാരണങ്ങളൊക്കെയും നിഷ്പ്രഭമായി.
സ്ഥാനാർഥി നിർണയം മുതൽ വോട്ടെടുപ്പ് ദിനം വരെ മണ്ഡലത്തിൽ ലീഡ് ചെയ്ത എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന് പക്ഷേ, വോട്ടെണ്ണലിൽ ആ ലീഡ് നിലനിർത്താനായില്ല. പഴുതടച്ച പ്രചാരണത്തിലൂടെ മണ്ഡലം നിറഞ്ഞുനിന്ന ജയരാജന്, 2019ൽ സുധാകരൻ നേടിയ മൃഗീയഭൂരിപക്ഷത്തിൽ ഇടിവ് വരുത്താൻ പോലും സാധിച്ചില്ല. എന്നുമാത്രമല്ല, കഴിഞ്ഞ തവണത്തേക്കാൾ മികച്ച പ്രകടനമാണ് സുധാകരൻ കാഴ്ചവെച്ചത്.
2019ലേത് പോലെ സുധാകരന് അനുകൂലമായ തരംഗം ഇത്തവണ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ തന്നെ, സ്ഥാനാർഥിയാകാനില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും പിൻവലിയലും അണികൾക്കിടയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പ്രചാരണവാഹനത്തിൽ വെച്ച് തന്നെ ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള ചോദ്യവും പതിവ് രീതിയിലുള്ള ഉരുളക്കുപ്പേരി മറുപടിയും ഏറെ വിവാദമായിരുന്നു. എന്നാൽ, അവസാന ലാപ്പിൽ പ്രവർത്തകർ സജീവമായി. മുസ്ലിംലീഗ് പ്രവർത്തകരും കൊണ്ടുപേിടിച്ച് ഗോദയിലിറങ്ങിയതോടെ യു.ഡി.എഫ് ക്യാമ്പ് ശക്തമായി. തൊട്ടടുത്ത വടകര മണ്ഡലത്തിലെ തീപാറും മത്സരത്തിന്റെ കാറ്റ് കണ്ണൂരിലും മത്സരത്തെ കാര്യമായി സ്വാധീനിച്ചു.
മണ്ഡലത്തിലെ മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ നല്ലൊരു ശതമാനം വോട്ടും യു.ഡി.എഫ് പെട്ടിയിലാണ് വീണത്. സർക്കാർ-എൽ.ഡി.എഫ് വിരുദ്ധ വോട്ടും അനുകൂലമായി. ജയരാജനെ അപേക്ഷിച്ച് കെ. സുധാകരന് വ്യക്തിപരമായി വോട്ട് ബാങ്കുള്ളതും വിജയത്തെ എളുപ്പമാക്കി. കഴിഞ്ഞതവണ 8,142ഉം 2014ൽ 19169ഉം വോട്ട് നേടിയ എസ്.ഡി.പി.ഐയുടെ വോട്ട് ഇത്തവണ യു.ഡി.എഫിനൊപ്പമായിരുന്നു. വെൽഫെയർ പാർട്ടിയും പിന്തുണച്ചു. സുന്നി സമസ്തയിലെ ചെറിയ ഭിന്നിപ്പ് വളർത്തി വലുതാക്കി മുതലെടുക്കാമെന്ന എൽ.ഡി.എഫിന്റെ ആഗ്രഹം നടപ്പായില്ലെന്നും ഫലം തെളിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.