കണ്ണൂർ: നവകേരള സദസ്സിനായി കണ്ണൂർ കോർപറേഷൻ പണം നൽകില്ലെന്ന് മേയർ ടി.ഒ. മോഹനൻ. സർക്കാറിന്റെ മുഖം മിനുക്കാനുള്ള കോപ്രായമാണിത്. ഇത്തരം ധൂർത്തിനോടും അഴിമതിയോടും സഹകരിക്കാൻ കോർപറേഷൻ തീരുമാനിച്ചിട്ടില്ല. നവകേരള സദസ്സ് നടത്തിപ്പിനായി തദ്ദേശ സ്ഥാപനങ്ങളും പണം നൽകണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.
രണ്ട് ലക്ഷം രൂപ കോർപറേഷൻ നൽകണമെന്നാണ് ഉത്തരവ്. അർഹതപ്പെട്ട വിഹിതങ്ങൾ അനുവദിച്ചുതരാത്ത സർക്കാർ തനത് ഫണ്ടിൽനിന്ന് അങ്ങോട്ട് പണം വാങ്ങുന്നത് ദുഃഖകരമാണ്. കേന്ദ്രം, സംസ്ഥാനത്തെ അവഗണിക്കുന്നതായും പണം നൽകാത്തതും ഇടതുപക്ഷവും സർക്കാറും പറയുന്നുണ്ട്.
ഇതിനേക്കാൾ ഭീകരമാണ് സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളോട് ചെയ്യുന്നത്. മുന്നോട്ടുപോകാൻ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി പ്രാദേശിക വികസനം ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നവകേരള സദസ്സുമായി സഹകരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. തീരുമാനം മറിച്ചായാലും കോർപറേഷൻ പണം നൽകില്ലെന്ന് തന്നെയാണ് തീരുമാനമെന്നും മേയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.